വിപ്ലവവീര്യം നഷ്ടപ്പെട്ട എസ്എഫ്‌ഐയോട് വിടപറഞ്ഞ് മാവോയിസ്റ്റ് ഐക്യ ദാര്‍ഢ്യം

കാസര്‍ഗോഡ്: അവകാശസമര പോരാട്ടങ്ങളില്‍ തീജ്വാലയായി കത്തിപ്പടര്‍ന്നിരുന്ന എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും വിപ്ലവവീര്യം നഷ്ട്‌പ്പെട്ടതാണ് ചെറുപ്പക്കാരെ മാവോയിസ്റ്റ് സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് സൂചന.

കേരള,തമിഴ്‌നാട് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടന്നതും മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായതും. പാലക്കാട് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അരുണ്‍ ബാലനും ശ്രീകാന്തും മുന്‍പ് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്നു.

ബാലസംഘം,എസ്എഫ്‌ഐ എന്നിവയുടെ ഏരിയാ കമ്മിറ്റി അംഗം വരെയായ അരുണ്‍ ബാലനും ശ്രീകാന്തിനും ശുഭ്രപതാകയോടും ചെങ്കൊടിയോടുമായിരുന്നു എന്നും പ്രണയം. തീഷ്ണമായ സമരങ്ങളില്‍ നിന്ന് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പിന്മാറുന്നത് വിദ്യാര്‍ത്ഥി – യുവജന വിഭാഗങ്ങളില്‍ കടുത്ത അതൃപ്തിക്കും സംഘടനാപരമായ തിരിച്ചടിക്കും കാരണമാകുകയും അനവധി പ്രവര്‍ത്തകര്‍ സംഘടന വിട്ട് പോവുകയും ചെയ്യുന്ന ഘട്ടത്തില്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെട്ട് വരുന്നത് സിപിഎം നേതൃത്വത്തിന് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ചിന്താശക്തിയും പ്രതികരണ ശേഷിയുമുള്ള യുവത്വം മാവോയിസ്റ്റ് ആശയത്തിലേക്ക് വഴുതി വീഴുന്നതാണ് ഇടതുപക്ഷം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പാലക്കാട് പിടിയിലായ രണ്ട് പേരും കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ളവരാണെന്നതും സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഏറ്റവും അധികം അടിത്തറയുള്ള കണ്ണൂര്‍,കാസര്‍ഗോഡ്,കോഴിക്കോട് ജില്ലകളിലെ നല്ലൊരു വിഭാഗം യുവാക്കള്‍ വിഭാഗീയതയിലും പാര്‍ട്ടി നേതാക്കളുടെ അധികാരക്കൊതിയിലും മനംമടുത്ത് നേരത്തെ തന്നെ സിപിഎം വിടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരുന്നു. ഇവരെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സിപിഎം ശ്രമം നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

സിപിഎമ്മിലേക്ക് കേഡറുകളെ സംഭാവന ചെയ്യുന്ന എസ്എഫ്‌ഐ ,ഡിവൈഎഫ്‌ഐ സംഘടനകള്‍ക്ക് ഇപ്പോള്‍ സംഭവിച്ച അപചയമാണ് മാവോയിസ്റ്റ് നേതൃത്വം മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംഘടനാ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇഷ്ടക്കാരും സില്‍ബന്ധികളുമായവരെ നേതൃനിരയില്‍ കൊണ്ടുവരാന്‍വേണ്ടി എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ സംഘടനകളില്‍ സിപിഎം ഇടപെട്ട് നടത്തിയ വെട്ടിനിരത്തലാണ് സംഘടനാപരമായി വിപ്ലവ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

സമരങ്ങളില്‍ പങ്കാളിത്തം കുറയുന്നതും മുന്‍കാലങ്ങളെ പോലെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയാത്തതുമെല്ലാം യുവ വിപ്ലവകാരികളുടെ വിപ്ലവ വീര്യമാണ് കെടുത്തുന്നത്.

പഠിപ്പ് മുടക്ക് സമരത്തെ തള്ളിപ്പറഞ്ഞ് എസ്എഫ്‌ഐയില്‍ പാര്‍ട്ടി ചുമതലയുള്ള ഇ.പി ജയരാജന്‍ രംഗത്ത് വന്നതും അദ്ദേഹത്തിന്റെ അനാവശ്യമായ ഇടപെടലുകളും ഏറ്റെടുത്ത സമരം വിജയിപ്പിക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലേക്കാണ് എസ്എഫ്‌ഐയെ മാറ്റിയത്. ഈ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐക്കും സംസ്ഥാനത്തുള്ളത്.

വിപ്ലവ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിപ്ലവവീര്യം നഷ്ടമാകുകയും അധികാരക്കൊതി വര്‍ധിക്കുകയും
ചെയ്യുമ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തോട് മുഖംതിരിച്ച് നില്‍ക്കുന്ന മാവോയിസ്റ്റ് മുദ്രാവാക്യവും ഇടപെടലുകളുമാണ് യുവജന പോരാളികളെ സ്വാധീനിക്കുന്നത്. പൊലീസ് പിടിയിലായ അരുണ്‍ ബാലന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

‘വസന്തത്തിന്റെ ഇടിമുഴക്കം കഴിഞ്ഞു. ഇനി ഇടിമുഴക്കത്തിന്റെ വസന്തമാണ് ‘എന്നാണ് അരുണിന്റെ പോസ്റ്റ്. കേരളത്തിലെ സിപിഎം അടക്കമുള്ള ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ആ വരികളില്‍.

Top