വിപ്ലവനായകന് മാര്‍പാപ്പയുടെ സ്‌നേഹഹസ്തം; ഞെട്ടലോടെ അമേരിക്ക

വാഷിംങ്ടണ്‍: അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി, ലോകത്തിന്റെ വിസ്മയമായ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നതില്‍ അമേരിക്കന്‍ യാഥാസ്ഥിതികര്‍ക്ക് ആശങ്ക.

ഈ ആഴ്ച അവസാനം ക്യൂബ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കാസ്‌ട്രോയെ സന്ദര്‍ശിക്കാന്‍ താല്‍പര്യമറിയിച്ചതായി വത്തിക്കാന്‍ അധികൃതരെ ഉദ്ധരിച്ച് ടെലിഗ്രാഫ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയോ ഞായറോ ആയിരിക്കും നിര്‍ണായക കൂടിക്കാഴ്ച.

ക്യൂബന്‍ പ്രസിഡന്റും ഫിദലിന്റെ സഹോദരനുമായ റൗള്‍ കാസ്‌ട്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സാന്തിയാഗോ, ഹോള്‍ഗ്യൂന്‍ തുടങ്ങിയ ക്യൂബന്‍ നഗരങ്ങളും പോപ്പ് സന്ദര്‍ശിക്കും. അമേരിക്ക അരനൂറ്റാണ്ടിലേറെയായി ക്യൂബക്ക് മേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നതില്‍ ലാറ്റിന്‍ അമേരിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ലോക മുതലാളിത്തത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഫിദലുമായി കൂടിക്കാഴ്ച നടത്തുന്നതാണ് അമേരിക്കന്‍ യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

വിശ്വാസികള്‍ക്കെതിരാണ് കമ്യൂസ്റ്റുകാര്‍ എന്നപ്രചരണത്തെ പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ മത മേലദ്ധ്യക്ഷന്റെ സന്ദര്‍ശനം വഴി കഴിയുമെന്നതിനാല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റകളും അതീവ പ്രാധാന്യത്തോടെയാണ് ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.

ക്യൂബ സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പമാര്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യഥാക്രമം 1998-ലും 2012-ലുമായിരുന്നു ഇത്.

എന്നാല്‍ ഇപ്പോള്‍ മത തീവ്രവാദം ലോക രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയായി ഉയര്‍ന്ന സാഹചര്യത്തില്‍ മതങ്ങള്‍ക്കതീതമായി മനുഷ്യ നന്മ ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് മാര്‍പാപ്പയുടെ സന്ദര്‍ശനം വഴിത്തിരിവുണ്ടാക്കുമെന്നാണ് കമ്യൂണിസ്റ്റുകളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മാര്‍പാപ്പയുടെ ഇപ്പോഴത്തെ സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് അവര്‍ വീക്ഷിക്കുന്നത്.

മാര്‍പാപ്പയുടെ ആറ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കമാകും. യു.എസ് കോണ്‍ഗ്രസിനെയും പോപ്പ് അഭിസംബോധന ചെയ്യും.

Top