വിദ്യാര്‍ഥി തിരോധാനം: മെക്‌സിക്കന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന് തീയിട്ടു

മെക്‌സിക്കന്‍ സിറ്റി: 43 വിദ്യാര്‍ഥികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മെക്‌സിക്കോയില്‍ ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. ഭരണസിരാകേന്ദ്രങ്ങളിലേക്കും വിദ്യാഭ്യാസവകുപ്പിന്റെ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്തിയ പ്രക്ഷോഭകര്‍ നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഗിരേറോ പ്രവിശ്യയിലെ സ്‌റ്റേറ്റ് കോണ്‍ഗ്രസ് ബില്‍ഡിങിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയ പ്രക്ഷോഭകര്‍ പുറത്തു നിര്‍ത്തിയിട്ട വാഹനങ്ങളും കെട്ടിടവും തീവച്ചു നശിപ്പിച്ചു.

ആറാഴ്ചമുമ്പ് വിദ്യാര്‍ഥികളെ കാണാതായ സംഭവത്തെതുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യത്താകമാനം അലയടിക്കുകയാണ്. സര്‍ക്കാരും പ്രക്ഷോഭകരും ചര്‍ച്ചയ്ക്കു തയ്യാറാവാത്തതും വിദ്യാര്‍ഥികളെ മയക്കുമരുന്നു മാഫിയകള്‍ തട്ടിക്കൊണ്ടുപോയെന്ന സര്‍ക്കാരിന്റെ വാദവുമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.

ഇന്നലെ ഗിരേറോയിലെ വിദ്യാഭ്യാസവകുപ്പിന്റെ ആസ്ഥാനത്തേക്ക് അധ്യാപകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ആസ്ഥാനമന്ദിരം അഗ്നിക്കിരയാക്കിയിട്ടുണ്ട് .കഴിഞ്ഞദിവസം ഭരണകക്ഷിയായ ഇന്‍സ്റ്റിറ്റിയൂഷനല്‍ റെവല്യൂഷനറി പാര്‍ട്ടിയുടെ ആസ്ഥാനത്തിനും പ്രക്ഷോഭകര്‍ തീയിട്ടിരുന്നു.

Top