വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിന് കൂച്ച് വിലങ്ങിടാന്‍ ആരാണ് ഈ വെള്ളാപ്പള്ളി… ?

വിദ്യാര്‍ത്ഥികളുടെ സംഘടിക്കാനും പ്രതികരിക്കാനുമുള്ള അവകാശത്തിന്മേല്‍ നിരോധനം ഏര്‍പ്പെടുത്തിയ എസ്.എന്‍ ട്രസ്റ്റിന്റെ നടപടിയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു.

സിപിഎം നേതൃത്വവുമായി ഏറ്റുമുട്ടലിന്റെ പാതയിലുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് എസ്.എന്‍ ട്രസ്റ്റിന് കീഴിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പ് വച്ചത് എന്നത് ഏറെ സംശയത്തിനിട നല്‍കുന്ന കാര്യമാണ്.

എസ്.എന്‍ ട്രസ്റ്റിന് കീഴിലെ കോളേജുകളില്‍ ഏറ്റവും ശക്തമായ അടിത്തറയുള്ളത് എസ്എഫ്‌ഐക്കായതിനാല്‍ നിരോധനം കൊണ്ട് ഏറെ പ്രഹരമേല്‍ക്കുന്നതും സിപിഎമ്മിന്റെ ഈ വിദ്യാര്‍ത്ഥി സംഘടനയ്ക്കാണ്.

സംഘടനാ നിരോധനത്തിന്റെ മറവില്‍ വിദ്യാഭ്യാസ കച്ചവടമടക്കമുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ നടത്താനാണ് എസ്.എന്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ഇതിനകം തന്നെ എസ്എഫ്‌ഐ ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈര്യം മറന്ന് എസ്എഫ് ഐ, കെഎസ് യു, എബിവിപി,എഐഎസ്എഫ്,തുടങ്ങിയ സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നത് നല്ലൊരു ചുവടുവെയ്പ്പാണെങ്കിലും പ്രതിഷേധം പ്രസ്താവനയിലൊതുക്കുന്ന ഇപ്പോഴത്തെ സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഇനി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന തിരിച്ചറിവ് ഈ സംഘടനകള്‍ക്കുണ്ടാകണം.

ഇപ്പോള്‍ എസ്.എന്‍ ട്രസ്റ്റ് നടപ്പാക്കിയത് നാളെ മറ്റ് സ്വകാര്യ മാനേജ്‌മെന്റുകളും ഒടുവില്‍ സര്‍ക്കാര്‍ തന്നെയും നടപ്പാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രതികരണ ശേഷി ഇല്ലാത്ത യൗവനത്തെയാണ് എല്ലാ ബൂര്‍ഷ്വാ അധികാര കേന്ദ്രങ്ങളും ആഗ്രഹിക്കുക. ഈ യാഥാര്‍ത്ഥ്യം വിദ്യാര്‍ത്ഥി സംഘടനകള്‍ മനസിലാക്കണം.

ലോകത്ത് എന്ത് അനീതി നടന്നാലും ആദ്യ പ്രതികരണം കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നിരുന്ന പഴയ കാലം ഇപ്പോള്‍ ഒരു സ്വപ്നം മാത്രമാണ്. ചിന്താശക്തിയും പ്രതികരണ ശേഷിയും അര്‍പ്പണ ബോധവും കൊണ്ട് ഭരണകൂടത്തെപോലും വിറപ്പിച്ച് നിര്‍ത്തിയ സമര പാരമ്പര്യം, എസ്എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് എസ്.എന്‍ ട്രസ്റ്റിനെ പോലുള്ള മാനേജ്‌മെന്റുകള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ ധൈര്യം പകരുന്നത്.

ഇന്റര്‍നെറ്റിന്റേയും ഫേസ്ബുക്കിന്റേയും വാട്‌സ് അപ്പിന്റേയും പുതിയ കാലത്ത് സൗഹൃദംപോലും കച്ചവടവല്‍ക്കരിക്കപ്പെടുന്ന ദയനീയ കാഴ്ചയാണ് ഇപ്പോള്‍ മിക്ക ക്യാമ്പസുകളിലും കാണുന്നത്. അവകാശ പോരാട്ടങ്ങളില്‍ തെരുവില്‍ ചിതറിയ വിദ്യാര്‍ത്ഥികളുടെ ചോരത്തുള്ളികളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചവരില്‍ ചിലരാണ് ഇപ്പോള്‍ സംഘടനാ നിരോധനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ചുംബന സമരത്തെ പിന്‍തുണയ്ക്കുന്നവര്‍ ഇനി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചാലും ചുംബിച്ചായിരിക്കും പ്രതിഷേധിക്കുക എന്ന് ഒരുപക്ഷേ നിരോധനമേര്‍പ്പെടുത്തിയവര്‍ കരുതിയിട്ടുണ്ടാവാം. അങ്ങനെ അവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അതിന് പ്രേരണയായത് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാടുകളാണ്.

റാഗിങ്ങിനും മയക്കു മരുന്നിനും മറ്റ് അരാജകത്വ പ്രവണതകള്‍ക്കും അടിമപ്പെടാമായിരുന്ന തലമുറകളെ നേരായ വഴിക്ക് നയിക്കാന്‍ സഹായകരമായത് ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ സാന്നിദ്ധ്യമായിരുന്നുവെന്ന് നിരോധന തീരുമാനത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് ശ്രീ വെള്ളാപ്പള്ളി നടേശന്‍ ഓര്‍ക്കണമായിരുന്നു.

ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുടേയോ,സമരത്തിന്റേയോ പേരുപറഞ്ഞ് ഭാവി തലമുറയുടെ ചിന്താശക്തിയില്‍ കൂച്ച് വിലങ്ങിടുന്നത് സമൂഹത്തിന് ഗുണകരമല്ല. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സ്വാശ്രയ
ക്യാമ്പസുകളില്‍ റാഗിങ്ങും അരാജകത്വ പ്രവണതകളും ആത്മഹത്യകളും വര്‍ദ്ധിച്ച് വരുന്നത് കണ്ണ് തുറന്ന് നിങ്ങള്‍ കാണണം. ആ കാഴ്ചകളിലേക്കാണോ എസ്.എന്‍ ട്രസ്റ്റിന് കീഴിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ കൊണ്ടുപോകുന്നത് ?

Team ExpressKerala

Top