വിദേശ രാജ്യങ്ങളുടെ 23 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കരാറായതായി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: വിദേശ രാജ്യങ്ങളുടെ 23 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനുള്ള കരാറില്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഒപ്പുവെച്ചു. ഇതില്‍ 21 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വിയിലും രണ്ട് ഉപഗ്രഹങ്ങള്‍ മറ്റൊരു റോക്കറ്റിലുമാണ് വിക്ഷേപിക്കുക.

ഐഎസ്ആര്‍ഒയുടെ അടുത്ത പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം നവംബറില്‍ പ്രതീക്ഷിക്കാമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. ഉടനെ സിംഗപൂരിന്റെ ആറു ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിക്കുക. ഇതിനുപുറമെ അടുത്ത വര്‍ഷത്തിനുള്ളില്‍ അമേരിക്കയുടെ അഞ്ച് ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കും.

ഉപഗ്രഹ വിക്ഷേപണത്തിന്റെ വാണിജ്യസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണം ഐഎസ്ആര്‍ഒ ഏറ്റെടുക്കാന്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 51 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്‌ട്രോസാറ്റും ആറ് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-30 ബഹിരാകാശത്തേക്കു വിക്ഷേപിച്ചിരുന്നു.

Top