വിദേശ യുദ്ധത്തിന് സൈന്യത്തിനെ അയക്കുമെന്ന് ജപ്പാന്‍

ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായി വിദേശത്ത് യുദ്ധത്തിനായി സൈന്യത്തെ അയക്കാന്‍ ജപ്പാന്‍ അനുമതി നല്‍കി. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് വിദേശത്ത് സൈന്യത്തെ അയക്കാനുള്ള അനുമതി പാര്‍ലമെന്റ് പാസാക്കിയത്. ദക്ഷിണ ചൈനാ കടല്‍ മേഖലയില്‍ ചൈന ഉയര്‍ത്തുന്ന സൈനിക വെല്ലുവിളിയെയും ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവഭീഷണിയെയും ചെറുക്കാന്‍ പ്രതിരോധ നയത്തിലെ ഭേദഗതി അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വാദം.

90നെതിരെ 148 വോട്ടുകള്‍ക്കാണ് പുതിയ ബില്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിയത്. ഉപരിസഭ നേരത്തെ തന്നെ ബില്‍ പാസാക്കിയിരുന്നു. ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേയ്ക്ക് വരെയെത്തി. ഉത്തരകൊറിയക്കെതിരായ ദക്ഷിണകൊറിയന്‍ പ്രതിരോധത്തെ സഹായിക്കുക, അമേരിക്കയെ ലക്ഷ്യം വക്കുന്ന ഉത്തരകൊറിയന്‍ മിസൈലുകള്‍ വെടിവെച്ചിടുക, വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങളില്‍ അമേരിക്കയേയും സഖ്യകക്ഷികളെയും സഹായിക്കുക, വിദേശത്ത് ബന്ദികളാക്കപ്പെടുന്ന ജാപ്പനീസ് പൗരന്മാരെ സഹായിക്കാന്‍ സൈനിക നടപടിയെടുക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ബില്ലിലുണ്ട്.

ഈ നയംമാറ്റം ജപ്പാനെ മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളില്‍ പങ്കാളികളാക്കുമെന്നാണ് ജാപ്പനീസ് പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വക്കുന്ന ആശങ്ക. ബ്രിട്ടനും അമേരിക്കന്‍ അധിനിവേശങ്ങളില്‍ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങളെയും പോലെ ഭീകരര്‍ ജപ്പാനെയും ലക്ഷ്യം വക്കുമോ എന്ന ആശങ്ക പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും പങ്കു വക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നയമെന്നും സര്‍ക്കാരിനെ ഈ നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കി. അതേ സമയം പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ഷിന്‍സോ അബെ സര്‍ക്കാരിന്റെ നീക്കം തടയാന്‍ പ്രതിപക്ഷം ദുര്‍ബലമാണ്.

പാര്‍ലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രധാനമന്ത്രി ഷിന്‍സോ അബെക്കും സര്‍ക്കാരിനും നേരെ ഉണ്ടായത്. മുപ്പതിനായിരത്തോളം പേരാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ടോക്കിയോവില്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ നയംമാറ്റത്തില്‍ ജപ്പാനിലുടനീളം പൊതുജനങ്ങള്‍ക്കിടയിലുള്ള അതൃപ്തി ശക്തമാണെന്നാണ് വിലയിരുത്തല്‍. അതേ സമയം ജപ്പാന്റെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.

Top