വിദേശ നിക്ഷേപകര്‍ക്കുള്ള നികുതി തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി : വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ 40,000 കോടി നികുതി ചുമത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നികുതി അടയ്ക്കുന്നതിന് എതിരെയുള്ള നിക്ഷേപകരുടെ വാദം അഡ്വാന്‍സ് റൂളിംഗ് അതോറിറ്റി തള്ളിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. വിപണിയില്‍ നിന്ന് നേടിയ ലാഭത്തിന് 20 ശതമാനം നികുതി നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.

വിദേശ നിക്ഷേപകര്‍ നല്‍കാനുള്ള നികുതിത്തുക 40,000 കോടി രൂപയോളം വരുമെന്നും ഈ പണമുപയോഗിച്ച് രാജ്യത്തിന്റെ ജലസേചന പദ്ധതികള്‍ ഊര്‍ജ്ജിതമാക്കാന്‍ സാധിക്കുമെന്നും അരുണ്‍ ജയ്റ്റലി പറഞ്ഞു. മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് രീതി ഏപ്രില്‍ ഒന്നുമുതല്‍ ഒഴിവാക്കിയെങ്കിലും വിധി സര്‍ക്കാരിന് അനുകൂലമായതിനാല്‍ ഇത്ര വലിയ തുക ഒഴിവാക്കാനാവില്ല. കെയ്ന്‍ ഇന്ത്യയുമായുള്ള നികുതി വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ മുന്‍കാല പ്രാബല്യത്തോടെ ഒരു തരത്തിലുമുള്ള നികുതിയും ഏര്‍പ്പെടുത്തിയിട്ടില്ല. ചരക്ക് സേവന നികുതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏര്‍പ്പെടുത്താനാവുമെന്നാണ് കരുതുന്നതെന്നും ഇന്ത്യ സ്വതന്ത്രയായതിനു ശേഷമുള്ള ഏറ്റവും വലിയ ഏകീകൃത നികുതിഘടനയായിരിക്കും ഇതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

Top