വിദേശികള്‍ക്കും എന്‍ആര്‍ഐകള്‍ക്കും ഇന്ത്യയില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ നല്‍കില്ല

ന്യൂഡല്‍ഹി: വിദേശികള്‍ക്കും ഇന്ത്യയില്‍ താമസിക്കാത്ത ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ) ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കും ഇന്ത്യയില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ദേശീയ വനിതാ കമ്മിഷന്റെയും തീരുമാനം. പുതിയ നിയമം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

അവിവാഹിത വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിന് അനുമതി നല്‍കാനും ഒറ്റയ്ക്ക് ജീവിക്കുന്ന, വിധവകള്‍ക്കും വിവാഹ ബന്ധം വേര്‍പിരിഞ്ഞവര്‍ക്കും ആരോഗ്യം അനുവദിക്കുമെങ്കില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്നും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

വാടകഗര്‍ഭപാത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നവംബര്‍ 15ന് മുന്‍പ് പരിഹരിക്കുമെന്ന് ദേശീയ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിക കുമാരമംഗലം അറിയിച്ചു. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനും സാമ്പത്തികചൂഷണം തടയാനുമുള്ള വ്യവസ്ഥ നിയത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

നിയമവിരുദ്ധമായി മുപ്പതിനായിരത്തോളം വാടകഗര്‍ഭപാത്ര ക്ലിനിക്കുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കമ്മിഷന്‍ പറയുന്നത്. ഇതില്‍ കൂടുതലും ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ്. ഇന്ത്യയില്‍ ലോക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്നും ലളിത വ്യക്തമാക്കി.

Top