വിജിലന്‍സ് തിരിച്ചുപിടിക്കാന്‍ തിരുവഞ്ചൂരും നിലനിര്‍ത്താന്‍ ചെന്നിത്തലയും രംഗത്ത്‌…

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും വിജിലന്‍സ് വകുപ്പ് നീക്കാനുള്ള കളി തുടങ്ങി.

പാമോയില്‍ കേസില്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് കൈവിട്ട കീഴ്‌വഴക്കം ഉയര്‍ത്തികാട്ടിയാണ് വിജിലന്‍സ് വകുപ്പിനായി എ ഗ്രൂപ്പ് കളി തുടങ്ങിയത്. വിജിലന്‍സ് വകുപ്പ് നഷ്ടമാകാതിരിക്കാന്‍ സാമുദായിക സമ്മര്‍ദ്ദം ഇറക്കി രമേശ് ചെന്നിത്തല പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പിന്‍തുണ തേടി.

രമേശിന് വിജിലന്‍സ് നഷ്ടമായാല്‍ വകുപ്പു തനിക്കു ലഭിക്കണമെന്ന ആവശ്യവുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍എസ്എസ് ആസ്ഥാനത്തെത്തി സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇരുവരോടും സുകുമാരന്‍ നായര്‍ മനസു തുറന്നിട്ടില്ല.

സാമുദായിക സംതുലിതാവസ്ഥയില്ല എന്ന എന്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പോടെ മന്ത്രിസഭയിലെത്തിയത്. ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് കൈവിട്ടപ്പോള്‍ തിരുവഞ്ചൂരിന് അതു ലഭിക്കാന്‍ ഇടയാക്കിയതില്‍ എന്‍എസ്എസിന്റെ ഇടപെടലിന് പ്രമുഖ സ്ഥാനമുണ്ടായിരുന്നു.

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ മാത്രമാണ് പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് എതിരെയും ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനെതിരെയും ബിജു രമേശ് 164 പ്രകാരം മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശം വന്നാല്‍ ചെന്നിത്തലക്കും ശിവകുമാറിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് നിര്‍ബന്ധിതരാവും.

ഇതു മുന്‍കൂട്ടികണ്ടാണ് ചെന്നിത്തലയില്‍ നിന്നും വിജിലന്‍സ് വകുപ്പ് സ്വന്തമാക്കാന്‍ എ ഗ്രൂപ്പ് കളിക്കുന്നത്. വിജിലന്‍സ് നഷ്ടമായാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിയോഗികളെയും പ്രതിപക്ഷത്തെയും അഴിമതി കേസുകളിലൂടെ വിറപ്പിച്ചു നിര്‍ത്താനുള്ള ശക്തി നഷ്ടമാകുമെന്ന ആശങ്കയും ചെന്നിത്തലക്കുണ്ട്.

Top