വിജിലന്‍സ് കേസുകളില്‍ പ്രതികളായവര്‍ക്ക് ഉദ്യോഗകയറ്റം;ദലിത് ഉദ്യോഗസ്ഥന് ഇരുട്ടടി

തിരുവനന്തപുരം: വിജിലന്‍സ് കേസിലെ പ്രതികളായ ജിജി തോംസണ് ചീഫ് സെക്രട്ടറി സ്ഥാനവും ശ്രീജിത്ത് ഐ.പി.എസിന് ഐജിയായി ഉദ്യോഗകയറ്റവും നല്‍കിയ സര്‍ക്കാര്‍ 27 വര്‍ഷമായിട്ടും ദലിത് ഡെപ്യൂട്ടി കളക്ടര്‍ക്ക് ഐ.എ.എസ് നല്‍കാതെ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തുന്നു.

ജാതിഭേദവും അയത്തവുമില്ലെന്നു മേനി നടിക്കുന്ന പുരോഗമന കേരളത്തിലാണ് പട്ടികജാതിക്കാരനായ ഡെപ്യൂട്ടി കളക്ടര്‍ കെ.വി മുരളീധരന് അര്‍ഹമായ സ്ഥാനക്കയറ്റം പോലും നിഷേധിച്ച് പീഢിപ്പിക്കുന്നത്.

ഇരുപത്തിമൂന്നാം വയസില്‍ ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച മുരളീധരന്‍ വര്‍ഷം 27 കഴിഞ്ഞിട്ടും അതേ തസ്തികയിലാണ്. ഒപ്പം സര്‍വീസില്‍ പ്രവേശിച്ച ഏഴുപേരും പിന്നീട് ചേര്‍ന്ന 75 പേരും ഐ.എ.എസുകാരായി. അദ്ദേഹത്തിന് മാത്രം സ്ഥാനക്കയറ്റം നല്‍കിയില്ല. ഐ.എ.എസും കൊടുത്തില്ല. മുരളീധരന്റെ കീഴില്‍ ജോലി ചെയ്ത ക്ലാര്‍ക്കിന് വരെ കിട്ടി ഐ.എ.എസ്.

തമ്പുരാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ കൂട്ടാക്കാതിരുന്നതാണ് പട്ടികജാതിക്കാരനായ മുരളീധരന്റെ യഥാര്‍ത്ഥ കുറ്റം. സംവരണത്തിന്റെ സഹായമില്ലാതെ ജനറല്‍ ക്വോട്ടയില്‍ സര്‍വീസില്‍ കയറിയതാണ്. എങ്കിലും, ദളിതനായതിനാല്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്ന ശാഠ്യമായിരുന്നു തമ്പുരാക്കന്മാര്‍ക്ക്. കൂട്ടാക്കാതിരുന്നപ്പോള്‍ അര്‍ഹമായതെല്ലാം നിഷേധിച്ചുവെന്ന് മാത്രമല്ല, മാനസികമായി പരമാവധി പീഡിപ്പിക്കുകയും ചെയ്തു. ഇതിനകം 105 സ്ഥലംമാറ്റം, പുറമേ മൂന്ന് സസ്‌പെന്‍ഷന്‍!

മുരളീധരന് മുമ്പോ ശേഷമോ ഇരുപത്തി മൂന്നാംവയസില്‍ ആരും ഡെപ്യൂട്ടി കളക്ടറായി നിയമനം നേടിയിട്ടില്ല. എട്ടുവര്‍ഷം പൂര്‍ത്തിയായാല്‍ ഐ.എ.എസിന് അര്‍ഹതയുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ എത്തേണ്ടതായിരുന്നു. പക്ഷേ, തൃശൂരില്‍ ഡെപ്യൂട്ടേഷനില്‍ കെ.എസ്.എഫ്.ഇയില്‍ പഴയ തസ്തികയില്‍ തന്നെയാണ് ഇപ്പോഴും. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍. വര്‍ഷങ്ങളായി ഔദ്യോഗിക വാഹനം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഒരു വിജിലന്‍സ് കേസും വിജിലന്‍സ് എന്‍ക്വയറിയും അദ്ദേഹം നേരിടുന്നുണ്ട്. അത്ര ഗൗരവമുള്ള കുറ്റമല്ല രണ്ടിന്റെയും അടിസ്ഥാനം. അദ്ദേഹത്തിന്റെ സീനിയോറിട്ടി മറികട് ഐ.എ.എസ് നേടിയ എല്ലാ പ്രമുഖരും വിജിലന്‍സ് അന്വേഷണം നേരിട്ടവരോ നേരിടുന്നവരോ ആണ്. അദ്ദേഹത്തോടൊപ്പം ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ഒരു ‘പ്രമുഖന്’ എട്ട് വിജിലന്‍സ് കേസുകളും ഒരു ഡസനിലേറെ വിജിലന്‍സ് അന്വേഷണവും നേരിടുമ്പോഴായിരുന്നു പ്രൊമോഷന്‍.

വിജിലന്‍സ്-ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്തിന് ഐജിയായി പ്രമോഷന്‍ നല്‍കിയും പാമോയില്‍ കേസിലെ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിച്ചും ‘പ്രീണനം’ നടത്തിയ സര്‍ക്കാര്‍ മുരളീധരനെ ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നു.

സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ മുരളീധരന് ഇതിനകം നടത്തേണ്ടിവന്നിട്ടുണ്ട്. ഒരുകോടിയോളം രൂപയുടെ കടമാണ് അനന്തരഫലം. വര്‍ണ വിദ്വേഷത്തോടെയുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം തോറ്റുപോവുകയായിരുന്നു. കോടതി അനുകൂലമായി വിധിച്ച കേസുകളില്‍ പോലും ഫലത്തില്‍ തോറ്റുപോയി.

മണ്ണുത്തിയിലെ അഞ്ച് സെന്റ് സ്ഥലവും വീടും കാറും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ഭാര്യ ഇ.എസ്.ഐയില്‍ ഡോക്ടറാണ്. എന്നിട്ടും കടം മാത്രമേയുള്ളൂ സമ്പാദ്യമായി. രണ്ട് മക്കള്‍. രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്.

വേലര്‍ സമുദായക്കാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ മുരളീധരന്‍. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അതിനാല്‍, വിദ്യാസമ്പന്നമായ സാഹചര്യമായിരുന്നു സ്‌കൂള്‍ പഠനകാലം മുതല്‍. എല്‍എല്‍.ബി പാസായ ശേഷമാണ് ഡെപ്യൂട്ടി കളക്ടറായി നിയമനം നേടിയത്.

മുരളീധരനൊപ്പം സര്‍വീസില്‍ കയറി ഐ.എ.എസ് ലഭിച്ചവര്‍
കെ.ആര്‍. മുരളീധരന്‍ : ലാന്‍ഡ് റവന്യൂ കമ്മിഷണറായി വിരമിച്ചു
എ. അജിത്ത്കുമാര്‍ : ഗവര്‍ണറുടെ സെക്രട്ടറി
എം.എന്‍. ഗുണവര്‍ദ്ധനന്‍ : ടൂറിസം സെക്രട്ടറിയായി വിരമിച്ചു
കെ.എം. രാമാനന്ദം : ലാന്‍ഡ് റവന്യൂ കമ്മിഷണറായി വിരമിച്ചു
വി.എം. ഗോപാലമേനോന്‍ : സഹകരണ വകുപ്പ് സെക്രട്ടറി
അനില്‍ സേവ്യര്‍ : എക്‌സൈസ് കമ്മിഷണര്‍
ടി.ഒ. സൂരജ് : ലാന്‍ഡ് റവന്യൂ കമ്മിഷണറായിരിക്കെ സസ്‌പെന്‍ഷനില്‍…

Top