വിജിലന്‍സ് കൂട്ടിലടച്ച തത്തയായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് സംസ്ഥാന ആഭ്യന്തര വകുപ്പിന്

തിരുവനന്തപുരം: വിജിലന്‍സ് കൂട്ടിലിട്ട തത്തയല്ലെന്നുപറഞ്ഞ് മാണിയെ ബാര്‍കോഴ കേസില്‍ പ്രതിയാക്കിയതിനെ ന്യായീകരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വിജിലന്‍സ് കോടതി ഉത്തരവ് വലിയ തിരിച്ചടിയായി.

മന്ത്രി മാണിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ എസ് പി സുകേശന്റെ കണ്ടെത്തലുകള്‍ ന്യായീകരിച്ചും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തള്ളിയും കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ആഭ്യന്തരവകുപ്പിന് തിരിച്ചടിയായത്.

മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ നിഗമനങ്ങള്‍ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ശരിയായ അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ വിജിലന്‍സ് ഡയറക്ടര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും തുടരന്വേഷണത്തിന് ഉത്തരവിട്ട വിധിയില്‍ വിജിലന്‍സ് ജഡ്ജി വ്യക്തമാക്കിയിരുന്നു.

വിജിലന്‍സ് ഡയറക്ടറെ കേള്‍ക്കാതെ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത് ഡയറക്ടര്‍ക്ക് നേരെയുള്ള ആരോപണം ചെന്ന് തറയ്ക്കുന്നത് വകുപ്പുമന്ത്രിയിലാണെന്ന തിരിച്ചറിവിലാണ്.

ബാര്‍ കോഴക്കേസ് അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുനില്‍കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ ഭാഗമായി അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ച കാര്യം കോടതിയില്‍ നല്‍കുന്ന അപ്പീലില്‍ ചൂണ്ടിക്കാണിക്കാനാണ് വിജിലന്‍സിന്റെ നീക്കം.

തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോയില്ലെങ്കിലും ഇത്തരമൊരു റിവ്യൂ ഹര്‍ജി നല്‍കിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കി കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ തയ്യാറെടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായയെ ഇടിച്ചു താഴ്ത്താന്‍ പോലീസ് -വിജിലന്‍സ് ഭരണം കോണ്‍ഗ്രസ്സിനുള്ളില്‍ പോലും ചര്‍ച്ചയാവുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് ഐ ഗ്രൂപ്പിന്റെ നീക്കം.

വിന്‍സന്‍ എം പോളിനെ പോലെയുള്ള മികച്ച ട്രാക്ക് റിക്കാര്‍ഡിന് ഉടമയായ ഉദ്യോഗസ്ഥനെ ആഭ്യന്തര വകുപ്പ് സമ്മര്‍ദ്ദത്തിലാക്കി അദ്ദേഹത്തെ ബലിയാടാക്കുകയാണ് ചെയ്തതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ക്കിടയിലെയും അഭിപ്രായം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിച്ചതായാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനെതിരായ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം ബാര്‍ കോഴ ആയിരിക്കുമെന്നാണ് സിപിഎം-ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

ബാര്‍ കോഴ കേസില്‍ കെ.എം മാണി 2014 മാര്‍ച്ച് 22 നും ഏപ്രില്‍ 2 നും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയതിനാല്‍ ഇനി ഒരു നിമിഷം പോലും മാണി മന്ത്രി കസേരയില്‍ ഇരിക്കരുതെന്ന അഭിപ്രായം ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമാണെങ്കിലും നേതൃത്വത്തെ പേടിച്ച് എല്ലാവരും മൗനവൃതത്തിലാണ്.

ബാറുടമകളുമായി കെ.എം മാണി 2014 മാര്‍ച്ച് 31 ന് നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കണമെന്നുകൂടി കോടതി അഭിപ്രായപ്പെട്ടതിനാല്‍ ബിജു രമേശിനെതിരെ നിലപാടെടുത്ത ബാറുടമകള്‍ മലക്കം മറിയുമോ എന്ന ഭീതിയും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കുണ്ട്.

പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പിലൂടെ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയ്ക്ക് കോടതിവിധി തിരിച്ചടിയാവാതിരിക്കാന്‍ തിരഞ്ഞെടുപ്പിനു മുമ്പ് അപ്പീല്‍ നല്‍കാനാണ് തീരുമാനം.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കം ചെയ്താല്‍ പോലും തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

അതേസമയം സംസ്ഥാന പോലീസില്‍ മികച്ച പ്രതിച്ഛായയുണ്ടായിരുന്ന വിന്‍സന്‍ എം പോളിനെതിരായ കോടതി പരാമര്‍ശത്തില്‍ പോലീസ് സേനയാകെ ഞെട്ടിയിരിക്കുകയാണ്.

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വിന്‍സന്‍ പോളിന് എന്തു സംഭവിച്ചുവെന്ന കാര്യത്തിനേക്കാള്‍ ഇത്തരമൊരു വിധിവരാനിടയാക്കിയ ‘സാഹചര്യ’മാണ് പരിശോധിക്കേണ്ടതെന്ന അഭിപ്രായമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്.

ഏതെങ്കിലും സ്വാധീനത്തിന് വിന്‍സന്‍ പോള്‍ വഴങ്ങി എന്ന് വിശ്വസിക്കാന്‍ സേനയിലെ ഭൂരിപക്ഷം പേരും ഇപ്പോഴും തയ്യാറല്ല എന്നതാണ് യാഥാര്‍ഥ്യം.

അതേസമയം ബാര്‍ കോഴ കേസ് ഇത്തരത്തില്‍ വഷളാക്കിയത് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയാണെന്ന ആരോപണമാണ് രഹസ്യമായെങ്കിലും കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

ഇടതുപക്ഷത്തേക്ക് കേരളാ കോണ്‍ഗ്രസ്സ് പോവുമെന്ന പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ബാര്‍ കോഴ കേസ് ‘കുത്തിപ്പൊക്കി’ മാണിയെ പ്രതിയാക്കിയതെന്നാണ് ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന സൂചനയും കേരളാ കോണ്‍ഗ്രസ്സ് കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്.

Top