വിജിലന്‍സിനെ കുടുക്കി ലോകായുക്ത; മന്ത്രിമാര്‍ക്കെതിരെ അന്വേഷണമാകാം

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമാകാമെന്ന് ലോകായുക്ത.

ബാര്‍ കോഴ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയ ലോകായുക്തയാണ് നിയമനടപടിക്ക് വിജിലന്‍സിന് അനുമതി നല്‍കിയത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ബാര്‍ ഉടമ ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയില്‍ നിയമനടപടി സ്വീകരിക്കാതെ മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച വിജിലന്‍സിന് ലോകായുക്തയുടെ അപ്രതീക്ഷിത നിലപാട് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ധനകാര്യ മന്ത്രി കെ.എം മാണിക്ക് പുറമെ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനും എക്‌സൈസ് മന്ത്രി കെ ബാബുവിനുമെതിരെ ശക്തമായ പരാമര്‍ശങ്ങളാണ് ബിജുരമേശിന്റെ മൊഴിയില്‍ ഉണ്ടായിരുന്നത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ കോഴവാങ്ങിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നത് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്ക് കവചമൊരുക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ നീക്കം.

അന്വേഷണം നടക്കുകയാണെങ്കില്‍ ആരോപണ വിധേയരായ മുഴുവന്‍ മന്ത്രിമാര്‍ക്കുമെതിരെ വേണമെന്നതാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

കെ ബാബുവിനെ മാത്രം കുരുക്കാന്‍ സമ്മതിക്കില്ലെന്നും മറ്റ് മന്ത്രിമാര്‍ക്കെതിരെയും നിയമനടപടി വേണ്ടിവരുമെന്നുമാണ് ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Top