വിജയരാഘവന്‍ നിലമ്പൂരില്‍ ‘പരാജയം’; വിമതരെ പ്രകോപിപ്പിച്ചത് തിരിച്ചടിയായി

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ സി.പി.എം വിമതരുമായി യോജിച്ച് മത്സരിക്കാനുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ അനുരഞ്ജന നീക്കം പൊളിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ പിടിവാശി നിലമ്പൂരില്‍ സി.പി.എമ്മിന്റെ അടിവേരിളക്കി.

വിഭാഗീയതയില്‍ സി.പി.എമ്മിന് കനത്തപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സി.പി.എം വിമതരാകട്ടെ രണ്ട് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് ശക്തിതെളിയിച്ചു. 15 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണകുത്തക തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മിന് കേവലം അഞ്ചു സീറ്റിലൊതുങ്ങിയ കനത്തപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

കഴിഞ്ഞ തവണത്തെ 10 സീറ്റ് നിലനിര്‍ത്താന്‍പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ജനകീയ കൂട്ടായ്മ എന്ന ബാനറില്‍ മത്സരിച്ച സി.പി.എം വിമതര്‍ക്ക് രണ്ട് കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനായി. ഒരു വാര്‍ഡില്‍ ഒറ്റവോട്ടിനാണ് വിമതര്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണ് വിമതര്‍ അട്ടിമറി വിജയം നേടിയത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് സി.പി.എം പുറത്താക്കിയ മുന്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും സിറ്റിങ് കൗണ്‍സിലറുമായിരുന്ന ജനകീയ കൂട്ടായ്മ ജനറല്‍ സെക്രട്ടറി പി.എം ബഷീര്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വല്ലപ്പുഴയില്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടത്തെയാണ് 183 വോട്ടിന് പരാജയപ്പെടുത്തിയത്.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാര്‍ഡായ കോണ്‍ഗ്രസ് വിജയിച്ച മണലൊടിയില്‍ വിമതപക്ഷത്തെ ഗോപാലകൃഷ്ണന്‍ എന്ന മണി 258 വോട്ടിന്റെ അട്ടിമറി വിജയവും നേടി. ഇരുത്താംപൊയില്‍ വാര്‍ഡില്‍ ജനകീയ കൂട്ടായ്മ സ്ഥാനാര്‍ത്ഥി പി.കെ ഷെഫീഖ് ഒറ്റ വോട്ടിനാണ് കോണ്‍ഗ്രസിലെ ചാലില്‍ ഉണ്ണികൃഷ്ണനോട് പരാജയപ്പെട്ടത്.

വിമതര്‍ രണ്ടാം സ്ഥാനത്തെത്തിയ അഞ്ച് വാര്‍ഡുകളില്‍ സി.പി.എം അവര്‍ക്ക് പിന്നിലായി. രണ്ട് വാര്‍ഡുകളില്‍ ബി.ജെ.പിക്കും പിറകില്‍ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. വല്ലപ്പുഴ, കല്ലേമ്പാടം, വീട്ടിക്കുത്ത്, ഇരുത്താംപൊയില്‍, മയ്യന്താനി വാര്‍ഡുകളിലാണ് സി.പി.എം, വിമതര്‍ക്ക് പിന്നില്‍ മൂന്നാമതെത്തിയത്. ചെറുവത്ത്കുന്നില്‍ സ്വതന്ത്രനും പിറകിലായും വീട്ടിക്കുത്തില്‍ ബി.ജെ.പിക്ക് പിറകിലായും നാലാം സ്ഥാനത്ത് എത്തി.

സി.പി.എം ശക്തികേന്ദ്രങ്ങളില്‍പോലും കനത്തപരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. സി.പി.എം വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചുവരുന്ന ഒന്നാം വാര്‍ഡില്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എന്നിവര്‍ പ്രചരണത്തിനിറങ്ങിയിട്ടും സി.പി.എമ്മിലെ യു.ടി പ്രവീണിന് വിജയിക്കാനായില്ല. ചുമട്ട്‌തൊഴിലാളിയായ കോണ്‍ഗ്രസിലെ മോളൂര്‍മഠത്തില്‍ ഗിരീഷാണ് ഇവിടെ അട്ടിമറി വിജയം നേടിയത്.

പതിനേഴാം വാര്‍ഡില്‍ സി.പി.എം ലേക്കല്‍സെക്രട്ടറിയും സിറ്റിങ് കൗണ്‍സിലറുമായ കക്കാടന്‍ റഹീം കോണ്‍ഗ്രസിലെ ഇ.എസ് മുജീബിനോട് പരാജയപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചതുമുതല്‍ സി.പി.എം മാത്രം വിജയിച്ച പട്ടരാക്ക, ചക്കാലക്കുത്ത് വാര്‍ഡുകളും പാര്‍ട്ടിയെ കൈവിട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന ജോര്‍ജ് കെ ആന്റണിയുടെ വാര്‍ഡായ പട്ടരാക്കയില്‍ ലീഗ് സ്വതന്ത്ര ഷെരീഫ ശിങ്കാരത്തും ചക്കാലക്കുത്തില്‍ കോണ്‍ഗ്രസിലെ ഡെയ്‌സി ടീച്ചറുമാണ് വിജയിച്ചത്.

സി.പി.എം ഏരിയാ സമ്മേളനത്തിലെ വിഭാഗീയതയെത്തുടര്‍ന്നാണ് നിലമ്പൂര്‍ നഗരസഭയില്‍ ഔദ്യോഗികപക്ഷവും വിമതരും രണ്ടു പാര്‍ട്ടികളെപ്പോലെ ചേരിതിരിഞ്ഞ് പ്രവര്‍ത്തനം തുടങ്ങിയത്. ജനകീയ കൂട്ടായ്മ എന്ന പേരില്‍ 11 വാര്‍ഡുകളിലാണ് വിമതര്‍ മത്സരിച്ചത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് വിമതരുമായി അനുരഞ്ജനത്തിനുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ നീക്കം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഇടപെട്ട് തടയുകയായിരുന്നു. വിമതര്‍ തെരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വിമതര്‍ ഇനി മനസമാധാനത്തോടെ ഉറങ്ങില്ലെന്ന ഭീഷണിയും വിജയരാഘവന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയില്‍ മുഴക്കിയിരുന്നു. ഇതും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കംകൂട്ടി.

Top