വിജയന്‍ വിജയ തീരത്തടുത്തപ്പോള്‍ വീണ്ടും വോട്ടെടുപ്പ് നീട്ടി ദേശീയ ചാനലിന്റെ അട്ടിമറി

തിരുവനന്തപുരം: സിഎന്‍എന്‍ – ഐബിഎന്‍ ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2014 അവാര്‍ഡിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് വീണ്ടും നീട്ടി അധികൃതരുടെ മലക്കം മറിച്ചില്‍.

മലയാളി ഐപിഎസ് ഓഫീസര്‍ ഡിഐജി പി വിജയന്‍ 45 ശതമാനം വോട്ടോടെ മുന്നിട്ടു നിന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി വോട്ടെടുപ്പ് ഈ മാസം 11 ന് വൈകീട്ട് 6 മണി വരെ നീട്ടിയിരിക്കുന്നത്. കഴിഞ്ഞമാസം നാലാം തിയതി ആയിരുന്നു വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. അന്നും 39ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തായിരുന്നു വിജയന്‍. ഈ ഘട്ടത്തില്‍ ചിത്രത്തില്‍ പോലുമില്ലാതിരുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു നാലാം തിയതിക്ക് ശേഷം വലിയ രൂപത്തില്‍ വോട്ട് വര്‍ദ്ധിപ്പിച്ച് വിജയനെ മറികടന്നിരുന്നു.

31 ശതമാനം വോട്ട് വിജയനും 21 ശതമാനം വോട്ട് ചന്ദ്രശേഖരറാവുവും നേടിയിരുന്ന അവസരത്തില്‍ ഒറ്റ രാത്രികൊണ്ട് 21ശതമാനം വോട്ടോടെ ചന്ദ്രശേഖരറാവു ഒന്നാംസ്ഥാനത്തും 19 ശതമാനത്തിലേക്ക് പിന്‍തള്ളപ്പെട്ട വിജയന്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രശേഖര റാവുവിന്റെ വോട്ട് പെട്ടെന്ന് കുതിച്ചുയര്‍ന്ന് 32 വരെ എത്തിയപ്പോഴും വിജയന്റെ വോട്ടിംഗ് നിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല.

ഒന്നാം സ്ഥാനത്തുള്ള വിജയന്റെ വോട്ട് മാത്രം കുറയുകയും മത്സരരംഗത്തുള്ള അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, ഇന്ത്യന്‍ ആര്‍മി, സത്യ നഥല്ലെ തുടങ്ങിയവരുടെ വോട്ടിംഗ് നിലയില്‍ മാറ്റമില്ലാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി ചോദ്യം ചെയ്ത് എറണാകുളം സ്വദേശി ഡോ.സുരേഷ് സിഎന്‍എന്‍- ഐബിഎന്നിന്റെ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റിട്ടിരുന്നു.

ഇതേ തുടര്‍ന്ന് മൊത്തം മത്സരരംഗത്തുള്ള 36 പേരുടേയും വോട്ടിംഗ് നില പുറത്തുവിടാന്‍ ചാനല്‍ അധികൃതകര്‍ നിര്‍ബന്ധിതമായി. ഇതില്‍ മിക്കവരും ഒരുശതമാനം വോട്ട് പോലും നേടാത്തവരായിരുന്നു. ചന്ദ്രരശേഖരറാവു മുന്നിലെത്തിയശേഷം ഒരാഴ്ചയോളം വിജയന്റെ വോട്ടിംഗ് നില മാറ്റമില്ലാതെ ഒരേ നിലയില്‍ തുടര്‍ന്നത് തന്നെ അസ്വാഭാവികമാണെന്നാണ് ഐ.ടി വിദഗ്ദ്ധരും പറയുന്നത്.

വോട്ടെണ്ണല്‍ അവസാനിക്കേണ്ടിയിരുന്ന ഇന്നലെ വൈകീട്ടോടെ 45ശതമാനം വോട്ട് നേടിയാണ് വിജയന്‍ മുന്നേറിയത്. ചന്ദ്രശേഖരറാവുവിന് ആകട്ടെ 27ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തുള്ള സല്‍മാന്‍ഖാന് 5 ശതമാനം വോട്ടാണ് നേടന്‍ കഴിഞ്ഞത്. അമീര്‍ഖാനെ മറികടക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് സല്‍മാന്റെ നേട്ടം.

ഇന്നലെ വോട്ടെടുപ്പ് മുന്‍ നിശ്ചയപ്രകാരം പൂര്‍ത്തീകരിക്കുകയായിരുന്നുവെങ്കില്‍ വിജയന് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിക്കുമായിരുന്നുവെന്ന് ഉറപ്പായിരിക്കെ വീണ്ടും വോട്ടെടുപ്പ് നീട്ടിയത് അട്ടിമറിക്ക് വേണ്ടിയാണോയെന്ന സംശയമാണ് ഇവിടെ ബലപ്പെടുന്നത്. വിശ്വാസ്യതയുടെ കാര്യത്തില്‍ രാജ്യത്തെ ജനങ്ങളുടെ പിന്‍തുണ ഇതിനകം ആര്‍ജിച്ച് കഴിഞ്ഞ സിഎന്‍എന്‍- ഐബിഎന്‍ ചാനലിന്റെ തലപ്പത്ത് നിന്ന് പ്രമുഖര്‍ കൊഴിഞ്ഞ് പോയതും ചാനല്‍ നിയന്ത്രണം പൂര്‍ണമായി പ്രമുഖ ബിസിനസ് ഗ്രൂപ്പില്‍ നിഷിപ്തമായതും ഈ അട്ടിമറിക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഇതിനകം തന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്.

രാജ്യത്തെ പ്രഥമ ഐ.ടി നഗരമായ ഹൈദരാബാദ് സ്ഥിതി ചെയ്യുന്ന തെലങ്കാന മുഖ്യമന്ത്രിക്ക് പുറമെ ബംഗാള്‍, ഒറീസ മുഖ്യമന്ത്രിമാരേയും ബിജെപി പ്രസിഡന്റിനേയും പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം രാജ്യത്തിന് മാതൃകയാക്കി നടപ്പാക്കുന്നതിന് നല്‍കിയ സംഭാവന മുന്‍നിര്‍ത്തിയാണ് ഇന്റലിജന്‍സ് ഡിഐജി പി വിജയനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓണ്‍ലൈനില്‍ എറ്റവും അധികം വോട്ട് ലഭിക്കുന്നവര്‍ക്കാണ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നത്. വിവിധമേഖലകളിലെ പ്രമുഖര്‍ക്കായി ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും സിഎന്‍എന്‍ – ഐബിഎന്‍ ചാനല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ തീരുമാനപ്രകാരം പതിനൊന്നിനാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. 14ന് അവാര്‍ഡ് ദാന ചടങ്ങ് നടക്കും.

Top