വിഎസ് മൂന്നാറിലേക്ക്; ആവേശത്തോടെ തൊഴിലാളികള്‍,ആശങ്കയോടെ സര്‍ക്കാര്‍

മൂന്നാര്‍: ഭരണകൂടത്തേയും രാഷ്ട്രീയ നേതൃത്വത്തേയും വിറപ്പിച്ച സ്ത്രീ തൊഴിലാളികള്‍ക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തിറങ്ങും.

നാളത്തെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമായില്ലെങ്കില്‍ ഞായറാഴ്ചയോ, തിങ്കളാഴ്ചയോ സമരമുഖത്തെത്താനാണ് വി എസിന് പദ്ധതിയെങ്കിലും എംഎല്‍എയെ അടക്കം തുരത്തിയോടിച്ച സാഹചര്യത്തില്‍ നാളെത്തന്നെ വിഎസിനെ മൂന്നാറിലെത്തിക്കാനാണ് സിപിഎം നീക്കം.

ഇന്ന് പാലക്കാടുള്ള വിഎസുമായി സിപിഎം നേതാക്കള്‍ക്ക് പുറമേ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും ബന്ധപ്പെട്ടിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ സമരത്തിന്റെ മുന്‍നിരയില്‍ താനുണ്ടാവുമെന്ന വിഎസിന്റെ പ്രഖ്യാപനം ഇതിനകം സര്‍ക്കാരിനും തോട്ടം ഉടമകള്‍ക്കും കടുത്ത വെല്ലുവിളിയായിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് പൊതുവേ സ്വീകാര്യനായ വിഎസ് പ്രശ്‌നത്തില്‍ ഇടപെടുന്നത് തോട്ടം ഉടമകളെ നിലപാടുകളില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സമരത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം തൊഴിലാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഭരണപക്ഷത്തില്‍ നിന്ന് ആരെങ്കിലും സമരസ്ഥലത്തേക്ക് വന്നാല്‍ വിവരമറിയുമെന്ന മുന്നറിയിപ്പാണ് തോട്ടം തൊഴിലാളികള്‍ നല്‍കുന്നത്.

ബോണസ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തി വരുന്ന സമരം മൂന്നാറിലെ ക്രമസമാധാന നിലയെ പൂര്‍ണ്ണമായും ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്.

സമരസ്ഥലത്തെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ തൊഴിലാളി വിരുദ്ധത ആരോപിച്ച് സ്ത്രീ തൊഴിലാളികള്‍ ഓടിച്ച് വിട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സിപിഐ എംഎല്‍എ ബിജി മോള്‍ സമരത്തിന് പിന്തുണ നല്‍കി എത്തിയതും ശ്രദ്ധേയമായി. കലക്ടറുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചയും അണിയറയില്‍ നടക്കുന്നുണ്ട്.

സമരം അവസാനിപ്പിക്കാന്‍ ഏഴാം ദിവസവും തൊഴില്‍ മന്ത്രിയും കണ്ണന്‍ ദേവന്‍ തോട്ടം മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സമരം അക്രമാസക്തമായത്.

ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, വി എസ് ഏതുനിമിഷവും മൂന്നാറിലെത്തുമെന്ന വാര്‍ത്ത തൊഴിലാളികളെ ആവേശഭരിതരാക്കിയിട്ടുണ്ട്.

ജനനേതാവായ വിഎസിനെ അംഗീകരിക്കുന്നുവെന്നും മൂന്നാറിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് തൊഴിലാളികളുടെ പ്രതികരണം.

മതികെട്ടാനിലേയും മൂന്നാറിലേയും അനധീകൃത ഭൂമി കൈയ്യേറ്റത്തിനെതിരെ രംഗത്ത് വന്ന് ജനങ്ങളുടെ കൈയ്യടി വാങ്ങിയ വിഎസ് വീണ്ടും മൂന്നാറിലെത്തുന്നത് സിപിഎമ്മിനും രാഷ്ട്രീയപരമായി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ വിഎസ് എത്തുന്നതിനു മുമ്പു തന്നെ സമരം തീര്‍ത്ത് തലയൂരാനാണ് സര്‍ക്കാരിന്റെ നീക്കം. വരുന്ന തദ്ദേശ സ്വയംഭരണ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം.

Top