വിഎസിന്റെ മൂന്നാര്‍ സന്ദര്‍ശനം യെച്ചൂരിയുടെ സമ്മതത്തോടെ;ആവേശത്തോടെ സമരക്കാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ മൂന്നാറിലെത്തിയതും സ്ത്രീ തൊഴിലാളികളുടെ സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതും സിപിഎം കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ.

തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരമുഖത്തേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി വിഎസ് ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.

എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന നിരാഹാര പന്തലിലേക്ക് താന്‍ പോകില്ലെന്നും കാര്യങ്ങള്‍ വഷളാക്കുന്നതില്‍ രാജേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്നുമാണ് വിഎസ് യെച്ചൂരിയോട് വ്യക്തമാക്കിയത്.

തൊഴിലാളി സ്ത്രീകളുടെ പ്രതിഷേധത്തിന് ഇരയായി സമരമുഖത്ത് നിന്ന് ഓടിപോരേണ്ട അവസ്ഥയുണ്ടായ രാജേന്ദ്രനെ മുന്‍നിര്‍ത്തി നിരാഹാര സമരം നടത്തുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ തനിക്കുള്ള കടുത്ത പ്രതിഷേധവും വിഎസ് യെച്ചൂരിയോട് തുറന്ന് പറഞ്ഞതായാണ് അറിയുന്നത്.

തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാതെ മുതലാളികള്‍ക്കൊപ്പം നില്‍ക്കുന്ന നേതൃത്വ നിലപാടിനെതിരെ ശക്തമായ നടപടിയും തിരുത്തലും നടത്താന്‍ യെച്ചൂരിയോട് ഇടപെടണമെന്ന് വിഎസ് അഭ്യര്‍ത്ഥിച്ചതായാണ് ലഭിക്കുന്ന വിവരം.

പാര്‍ട്ടി എംഎല്‍എയെ തൊഴിലാളി സ്ത്രീകള്‍ ഓടിച്ച് വിട്ട സംഭവം ദേശീയതലത്തില്‍ തന്നെ സിപിഎമ്മിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയതിനാല്‍ സമരമുഖത്തേക്കുള്ള വിഎസിന്റെ യാത്ര വഴി നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് സിപിഎം കേന്ദ്ര നേതൃത്വം.

സമരസ്ഥലത്തെത്തിയ വിഎസിനെ വന്‍ ആവേശത്തോടു കൂടിയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. സമരം തീര്‍പ്പാകും വരെ താനും കുത്തിയിരിപ്പു സമരം നടത്തുകയാണെന്ന് പറഞ്ഞ് തൊഴിലാളികള്‍ക്കൊപ്പം കുത്തിയിരിപ്പു സമരം തുടങ്ങിയ വിഎസിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളേയും സര്‍ക്കാരിനേയും ഞെട്ടിച്ചിരിക്കുകയാണ്.

നിലവിലെ ഗുരുതര സാഹചര്യം പരിഗണിച്ച് എത്രയും വേഗം ഒത്തു തീര്‍പ്പു വ്യവസ്ഥയുണ്ടാക്കുന്നതിനാണ് സര്‍ക്കാരും തെയിലതോട്ട കമ്പനിയും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

അതേസമയം, മൂന്നാര്‍ മോഡല്‍ സമരം സംസ്ഥാനത്തെ മറ്റ് തൊഴിലിടങ്ങളില്‍ ആരംഭിക്കുന്നതിന് മുന്‍പ് തൊഴിലാളികളുടെ യോഗം വിളിച്ച് ചേര്‍ത്ത് സമര രംഗത്തിറങ്ങാന്‍ സിഐടിയു നേതൃത്വവും വിവിധ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണനിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ തൊഴിലാളി വര്‍ഗ്ഗം കൈവിട്ടാല്‍ അത് സിപിഎമ്മിന് മാത്രമല്ല സംസ്ഥാനത്തെ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആകെ വെല്ലുവിളിയാകും.

മുല്ലപ്പൂ വിപ്ലവ മാതൃകയില്‍ തൊഴിലാളികള്‍ സംഘടിച്ചാല്‍ പുതിയ പാര്‍ട്ടിയും സംഘടനകളും രംഗത്ത വരുമെന്നും അത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Top