വിഎം സുധീരന് രാഹുലിന്റെ പിന്‍തുണ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിഎം സുധീരനാകുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഗ്രൂപ്പ് താല്‍പര്യത്തിനല്ല പാര്‍ട്ടി താല്‍പര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായ പ്രകടനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

കെപിസിസി പ്രസിഡന്റിന്റെ മദ്യനയത്തിനും ഇടപെടലിനുമെതിരെ രാഹുല്‍ ഗാന്ധിയോട് നേരിട്ട് പരാതിപ്പെട്ട എ-ഐ നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് വിശാല കെപിസിസി യോഗത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്.

വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന അവസ്ഥ നിലനില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയത്.

രാജ്യത്ത് വീണ്ടും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയുന്ന പ്രധാന സംസ്ഥാനമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് കാണുന്നതും കേരളത്തെയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സംസ്ഥാനങ്ങള്‍ കേരളവും കര്‍ണാടകവുമാണ്.

ഇടതുപക്ഷത്തിന്റെ അപചയവും പ്രക്ഷോഭ സമരങ്ങളില്‍ വിപ്ലവകാരികള്‍ക്ക് കാലിടറുന്നതും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്. ആര്‍എസ്പി, സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടികള്‍ ഇടത് മുന്നണി വിട്ടതോടെ പരുങ്ങലിലായ ചെമ്പടക്ക് യുഡിഎഫില്‍ നിന്ന് പ്രധാന ഘടകക്ഷികളെ അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സാഹചര്യവും പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാണ് ഇടതുപക്ഷ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന് ഉറപ്പായ സ്ഥിതിക്ക് പൊതു സമൂഹത്തില്‍ ക്ലീന്‍ ഇമേജുള്ള വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി യുഡിഎഫ് ഉയര്‍ത്തിക്കാട്ടണമെന്ന വികാരമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് സമവായമുണ്ടായില്ലെങ്കിലും അനിവാര്യമായ ഘട്ടത്തില്‍ ഹൈക്കമാന്റ് തന്നെ തീരുമാനം പ്രഖ്യമാപിക്കുമെന്ന സൂചന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്റ് കേന്ദ്രങ്ങള്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് സുധീരനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള എ – ഐ ഗ്രൂപ്പുകള്‍ക്കാണ് ഇപ്പോഴത്തെ നീക്കം തിരിച്ചടിയായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളെ തരണം ചെയ്ത് ജനസമ്പര്‍ക്ക പരിപാടി വലിയ വിജയമാക്കിയ സുധീരന്റെ നേതൃപാടവം സംസ്ഥാനത്തെ പല ഗ്രൂപ്പ് നേതാക്കളേയും അമ്പരിപ്പിച്ചിട്ടുണ്ട്. മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതിനെതിരെ വരും ദിവസങ്ങളില്‍ സുധീരന്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. മദ്യനയം ഉള്‍പ്പെടെയുള്ള സുധീരന്റെ ഇടപെടലിന് ‘ഗുഡ്‌സെര്‍ട്ടിഫിക്കെറ്റ് നല്‍കി രംഗത്ത് വന്ന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ നടപടിയും കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

സുധീരന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കണമെന്ന വികാരമാണ് മുസ്ലീംലീഗ് നേതൃത്വത്തിനുള്ളത്. ഭരണതുടര്‍ച്ചയ്ക്ക് നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് അവര്‍.

കോഴ ആരോപണത്തില്‍ ആടിയുലഞ്ഞ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി തന്റെ മുഖ്യമന്ത്രി സ്വപ്നം ഉപേക്ഷിച്ച് നല്ലകുട്ടിയായി യുഡിഎഫില്‍ ഒതുങ്ങി നില്‍ക്കുകയാണെങ്കിലും അവസരം കിട്ടിയാല്‍ തലപൊക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കു കൂട്ടുന്നത്. നായകന്റെ കാര്യത്തില്‍ വി.എം സുധീരനെ പിന്‍തുണയ്ക്കാനാണ് മാണിയും ഏറെ ആഗ്രഹിക്കുകയെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന.

ആഭ്യന്തര വകുപ്പിന്റെ മികച്ച പ്രതിഛായയിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ അവസാന ‘റൗണ്ടില്‍’പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സുധീരന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഒടുവില്‍ ഹൈക്കമാന്റിന്റെ അന്തിമ തീരുമാനമായി വരിക എന്നാണ് അവരും വിലയിരുത്തുന്നത്.

സുധീരന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഉറപ്പിച്ചാല്‍ എ- ഐ ഗ്രൂപ്പുകളില്‍ നിന്ന് സുധീര ചേരിയിലേയ്ക്ക് നേതാക്കളുടെ ഒഴുക്ക് തന്നെയുണ്ടാകുമെന്നും ഉറപ്പാണ്. എ.കെ ആന്റണിയുടെ മനസ്സിലിരിപ്പും സുധീരന് ഒരവസരം നല്‍കണമെന്നാണെന്നാണ് പുറത്ത് വരുന്ന വിവരം.

Top