വാഹനം പരിശോധിക്കുന്ന പൊലീസിനെ പരിശോധിക്കാന്‍ എസ്പിമാര്‍ രംഗത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന നടത്തുന്ന പൊലീസുകാരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കാനും പൊലീസില്‍ സംവിധാനം വരുന്നു.

വാഹന പരിശോധനയുടെ മറവില്‍ നടത്തുന്ന പണപ്പിരിവിന് അന്ത്യം കുറിക്കാനാണ് ഡിജിപി ടി.പി സെന്‍കുമാര്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പരിശോധനക്ക് പോകുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ കൈവശമുള്ള പണത്തെക്കുറിച്ച് മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന ഡിജിപിയുടെ നിര്‍ദേശം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത പ്രഹരമാണ്.

ഹൈവേ പെട്രോള്‍ വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ അന്ന് പരിശോധന നടത്താന്‍ ഉദ്യേശിക്കുന്ന സ്ഥലം, സമയം, കൈവശമുള്ള പണം എന്നിവ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഹൈവേ അലെര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്. ഇത് വാഹന പരിശോധനക്ക് ഇറങ്ങുന്ന പൊലീസുകാരെ മേലുദ്യോഗസ്ഥര്‍ക്ക് പരിശോധിക്കുന്നതിന് വേണ്ടിയാണെന്നാണ് അറിയുന്നത്.

സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏത് സമയവും വാഹന പരിശോധന നടത്തുന്ന സംഘത്തെ പരിശോധിക്കാനും അവരുടെ കൈവശം റിപ്പോര്‍ട്ട് ചെയ്തതില്‍ കൂടുതല്‍ പണം കണ്ടെത്തിയാല്‍ നടപടിയെടുക്കാനും അധികാരമുണ്ടാകും.

വേഷം മാറി ലോറി ജീവനക്കാരനായി എത്തിയ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കറിന്റെ അടുത്ത് നിന്ന് എസ്.ഐ കൈക്കൂലി വാങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ പുതിയ നീക്കം പൊലീസിലെ കൈക്കൂലിക്കാരെ കൈയോടെ പിടികൂടുക എന്ന് ഉദ്യേശിച്ചുള്ളതാണെന്ന് വ്യക്തം.

മിന്നല്‍ പരിശോധന നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കൈവശമുള്ള പണം എണ്ണി തിട്ടപ്പെടുത്തി ബോധ്യപ്പെടുത്തേണ്ട ചുമതലയും വാഹന പരിശോധകര്‍ക്കുണ്ടാകും. ചുരുക്കത്തില്‍ വാഹന പരിശോധനക്ക് ഇറങ്ങുന്നവര്‍ തങ്ങളുടെ ‘തടി’ നോക്കേണ്ട ഗതികേടാണ് ഡിജിപിയുടെ പുതിയ ഉത്തരവ് വഴി സംജാതമായിട്ടുള്ളത്.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ പേര്, സ്ഥാനപ്പേര്, ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍ എന്നിവ ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.

ഏതെല്ലാം സ്ഥലത്ത് ഏതെല്ലാം ഉദ്യോഗസ്ഥരാണ് വാഹന പരിശോധന നടത്തുന്നതെന്ന് ജില്ലാ പൊലീസ് മേധാവികള്‍ മനസിലാക്കിയിരിക്കണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തേണ്ടി വന്നാലും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ മുന്‍കൂട്ടി അറിയിക്കണം.

ഇവരല്ലാതെ മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയാല്‍ കര്‍ക്കശ നടപടി ജില്ലാ പൊലീസ് മേധാവികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം എസ്.പി, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, കമ്മീഷണര്‍ എന്നീ തസ്തികയിലുള്ളവരായിരിക്കും പൊലീസിലെ മിന്നല്‍ പരിശോധനക്കിറങ്ങുക.

Top