വാരിക്കോരി നല്‍കിയ കാലം കഴിഞ്ഞു; എം.പിമാരോട് കൈനീട്ടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വാരിക്കോരി കോടികള്‍ നല്‍കിയ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇപ്പോള്‍ പ്രവര്‍ത്തന ചെലവിനായി എം.പിമാര്‍ക്കു മുന്നില്‍ കൈനീട്ടുന്നു.

കേന്ദ്ര ഭരണം ബി.ജെ.പിക്കു ലഭിച്ചതോടെ അതുവരെ കൈയ്യയച്ചു നല്‍കിയിരുന്ന കോര്‍പ്പറേറ്റുകളെല്ലാം കോണ്‍ഗ്രസിനെ കൈവിട്ടു. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം ആവശ്യത്തിനു പണമില്ലാതെ സാമ്പത്തിക ഞെരുക്കത്തിലായത്.

ഒരുമാസത്തെ ശമ്പളം ഫണ്ടിലേക്ക് നല്‍കണമെന്ന് 44 ലോക്‌സഭാംഗങ്ങള്‍ക്കും 68 രാജ്യസഭാ എം.പിമാര്‍ക്കും അയച്ച കത്തില്‍ ട്രഷറര്‍ മോത്തിലാല്‍ വോറ ആവശ്യപ്പെട്ടു. മുന്‍ എം.പിമാരോടും സഹായം തേടിയിട്ടുണ്ട്.

മുന്‍ എം.എല്‍.എമാരും എം.പിമാരും ഒക്ടോബര്‍ ആദ്യവാരത്തിനകം ഒരുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് ഘടകവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഡല്‍ഹി യൂണിറ്റിന്റെ ചുമതലയുള്ള പി.സി. ചാക്കോയും ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കനും എം.എല്‍.എമാരെയും എം.പിമാരെയും കാണും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് കോണ്‍ഗ്രസിന്റെ ശനിദശ തുടങ്ങിയത്. ബി.ജെ.പി അധികാരത്തിലേറുമെന്ന് മനസ്സിലാക്കിയ എല്ലാ അംഗങ്ങളും ഒരുവര്‍ഷം പാര്‍ട്ടി ഫണ്ടിലേക്ക് 250 രൂപ നല്‍കണമെന്ന് ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. ഈ തുകയില്‍ 75 ശതമാനം എ.ഐ.സി.സിക്കും 25 ശതമാനം സംസ്ഥാന യൂണിറ്റുകള്‍ക്കുമുള്ളതാണ്.

Top