വാട്‌സ് ആപ്പിലും എത്തുന്നു ലൈക്ക് ബട്ടണ്‍

ഫെയ്‌സ്ബുക്കിലെ പ്രശസ്തമായ ലൈക്ക് ബട്ടണ്‍ വാട്‌സ് ആപ്പിലും വരുന്നൂ. ഇമെയിലുകളിലെയും ചാറ്റിംഗിലെയും പോലെ മാര്‍ക്ക് ആസ് റീഡ്, മാര്‍ക്ക് ആസ് അണ്‍റീഡ് ഫീച്ചറുകളും വാട്‌സ് ആപ്പില്‍ ഉടന്‍ പ്രതീക്ഷിക്കാം. ഇതിനായുള്ള പരീക്ഷണം വാട്‌സ് ആപ്പ് ആരംഭിച്ചു.

വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്കാകും ലൈക്ക് ബട്ടണ്‍ നല്‍കുക. എന്നാല്‍, വാട്‌സ് ആപ്പിലെ അംഗങ്ങള്‍ തമ്മിലുള്ള ചാറ്റിംഗിന് ഈ ബട്ടണ്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല.

മാര്‍ക്ക് ആസ് റീഡ്, അണ്‍റീഡ് ബട്ടണുകള്‍ ചാറ്റിംഗിലാണ് ഇംപ്‌ളിമെന്റ് ചെയ്യപ്പെടുക. സാധാരണ വാട്‌സ് ആപ്പിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ യൂസര്‍ക്ക് ലഭിച്ച ചിത്രങ്ങളും സന്ദേശങ്ങളും അതാത് ഗ്രൂപ്പില്‍ ചെല്ലുമ്പോള്‍ കാണാനാകും.

ഗ്രൂപ്പിതര സന്ദേശമോ ചിത്രമോ ആയാലും അങ്ങനെ തന്നെ. എന്നാല്‍, ഏതെങ്കിലുമൊരു സന്ദേശം പിന്നീട് വായിക്കാമെന്ന ധാരണയോടെ മാര്‍ക്ക് ആസ് അണ്‍റീഡ് ചെയ്യുന്നതിനാണ് പുത്തന്‍ ഫീച്ചര്‍ പ്രയോജനപ്പെടുക. ഇതിനായി, സന്ദേശത്തിന് വലതു ഭാഗത്തായി മാര്‍ക്ക് ആസ് റീഡ്, മാര്‍ക്ക് ആസ് അണ്‍റീഡ് ബട്ടണ്‍ നല്‍കിയിട്ടുണ്ടാകും.

ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായി ഇതിനകം വാട്‌സ് ആപ്പ് മാറിയിട്ടുണ്ട്. 80 കോടിയ്ക്കടുത്ത് ആക്ടീവ് ഉപഭോക്താക്കളാണ് നിലവില്‍ വാട്‌സ് ആപ്പിനുള്ളത്.

Top