വാക്കില്‍ അശ്ലീലം പുരട്ടിയ നേതാവ് കുടുങ്ങും; നാണംകെട്ട കോണ്‍ഗ്രസിന്റെ മാനവും പോയി

കോഴിക്കോട്: എല്‍.ഡി.എഫ് വനിതാ എം.എല്‍.എമാര്‍ക്കെതിരെ അശ്ലീലം കലര്‍ത്തി അധിക്ഷേപിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു.

‘എന്തിനാണ് ജമീല പാവം ശിവദാസന്‍ നായരെ കടിച്ചത് . കരിമ്പുപോലെയുള്ള പി കെ ബഷീറിനെ കടിക്കാമായിരുന്നില്ലെ, ഇ എസ് ബിജിമോള്‍ ഷിബു ബേബിജോണിമൊത്തുള്ള നേരം ആസ്വദിക്കുകയായിരുന്നു’എന്നുമാണ് കെ.സി അബു പറഞ്ഞത്. ബിജിമോളെ ഒതുക്കാന്‍ എവിടെ പിടിക്കണമെന്ന് ഷിബുവിനറിയാമെന്നും അബു പരിഹസിച്ചു. വനിത എംഎല്‍എമാര്‍ക്ക് അവരവരുടെ സീറ്റില്‍ ഇരുന്നാല്‍ മതിയായിരുന്നില്ലെ എന്തിനാണ് മാണിയെ തടയാന്‍ വനിതാ എംഎല്‍എമാരെ നിയോഗിച്ചതെന്നും അബു ചോദിക്കുന്നുണ്ട്.

കെ സി അബുവിന്റെ വാര്‍ത്താസമ്മേളനത്തിനെതിരെ ഇതിനകം പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് കെ.സി അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ ലതിക എംഎല്‍എ ആവശ്യപ്പെട്ടു. കെ.സി അബുവിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കുമെന്നും ലതിക പറഞ്ഞു.

മാര്‍ച്ച് 13ന് ബജറ്റ് അവതരണത്തിനെതിരായ പ്രതിഷേധത്തിനിടെ നിയമസഭക്കുള്ളില്‍ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചതിനെതിരെ എല്‍.ഡി.എഫ് വനിത എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ്. ഇതേ കുറിച്ച് തിങ്കളാഴ്ച എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കും. അതിക്രമത്തെ കുറിച്ച് ഗവര്‍ണര്‍ക്കും പരാതി നല്‍കും. സ്പീക്കര്‍ പരാതി പരിഹരിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ടും പരാതി നല്‍കുന്നുണ്ട്. മന്ത്രി ഷിബു ബേബി ജോണ്‍, ശിവദാസന്‍നായര്‍, എ ടി ജോര്‍ജ്, എം എ വാഹിദ്, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

തങ്ങളെ സഭക്കുള്ളില്‍ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനെതിരെ എല്‍ഡിഎഫിന്റെ എംഎല്‍എമാരായ ജമീല പ്രകാശം, കെ.കെ ലതിക, കെ.എസ് സുലേഖ, ബിജിമോള്‍, ഗീതഗോപി എന്നിവര്‍ സ്പീക്കര്‍ക്ക് അന്നുതന്നെ നല്‍കിയ പരാതി ഇതുവരെ പൊലീസിന് കൈമാറുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. പരാതി സ്പീക്കര്‍ പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കത്ത് നല്‍കിയിരുന്നു.

വനിത എംഎല്‍എമാരെ അപമാനിച്ചതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വനിതാ എം.എല്‍.എമാര്‍ക്കു നേരെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ അശ്ലീലം കലര്‍ത്തിയുള്ള ആക്ഷേപം എല്‍.ഡി.എഫ് പ്രതിഷേധത്തിനു കൂടുതല്‍ കരുത്തുപകരും. വനിതാ എം.എല്‍.എമാര്‍ പരാതി നല്‍കിയാല്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് കെ.സി അബുവിനെതിരെ കേസെടുക്കേണ്ടി വരും.

സമാനമായ പരാമര്‍ശം മന്ത്രി മാണിയെയും കോണ്‍ഗ്രസ് നേതാക്കളയും വേദിയിലിരുത്തി എം.എ വാഹിദ് എംഎല്‍എയും പറഞ്ഞതിനാല്‍ അദ്ദേഹത്തിനെതിരെയും പ്രതിപക്ഷം പരാതി നല്‍കും.

അതേസമയം കെപിസിസിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കെ.സി അബു പരസ്യമായി മാപ്പുപറഞ്ഞെങ്കിലും പ്രതിഷേധം കെട്ടങ്ങിയിട്ടില്ല.

Top