വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം; മഞ്ചേരി ആവര്‍ത്തിക്കാന്‍ സിപിഎം തന്ത്രം മെനയുന്നു

മലപ്പുറം: വ്യവസായി അബ്ദുള്‍ വഹാബിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയ ലീഗ് നിലപാട് ശക്തമായ പ്രചരണായുധമാക്കാന്‍ സിപിഎം തീരുമാനം.

‘പാവപ്പെട്ട മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങളല്ല സമ്പന്നരുടെ താല്‍പര്യങ്ങളാണ് ലീഗ് സംരക്ഷിക്കുന്നത് ‘ എന്ന വാദമുയര്‍ത്തി അസംതൃപ്തരായ ലീഗ് അണികളിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം നീക്കം.

മലബാര്‍ മേഖലയില്‍ വ്യാപകമായി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ലീഗ് നേതൃത്വത്തെ ആക്രമിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം പത്തിന് വൈകീട്ട് മലപ്പുറത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കുന്ന സ്വീകരണ യോഗം ലീഗിനെതിരായ പ്രതിഷേധ യോഗമാക്കി മാറ്റാനാണ് തീരുമാനം.

2004 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉരുക്ക് കോട്ടയായ മഞ്ചേരിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സിപിഎം നേതാവ് ടി.കെ ഹംസക്ക് അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.

പാണക്കാട് കുടുംബത്തില്‍ നിന്ന് മുനവറലി ശിഹാബ് തങ്ങള്‍ വഹാബിനെതിരെ പരസ്യമായി രംഗത്ത് വന്നത് അസാധാരണ സംഭവമായി കാണുന്ന സിപിഎം ഇത് ലീഗ് അണികളില്‍ ആശയക്കുഴപ്പത്തിന് കാരണമായതായാണ് വിലയിരുത്തുന്നത്.

നിലവിലെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ പരസ്യമായി ലീഗ് അണികള്‍ രംഗത്ത് വരാന്‍ സാധ്യത കുറവാണെങ്കിലും മഞ്ചേരിയിലേതുപോലെ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ അണികളുടെ പ്രതിഷേധം ആവര്‍ത്തിക്കുമെന്ന കണക്കു കൂട്ടലിലാണ് സിപിഎം നേതൃത്വം.

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിനെ ആക്രമിക്കാന്‍ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം പരമാവധി പ്രയോജനപ്പെടുത്താനാണ് നീക്കം.

ലീഗ് നേതൃത്വത്തില്‍ ഇപ്പോള്‍ ഉണ്ടായ ഭിന്നത രൂക്ഷമാകാനുള്ള സാധ്യതയും സിപിഎം മുന്നില്‍ കാണുന്നുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ബദലായി മുനവറലി ശിഹാബ് തങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗിലെ അസംതൃപ്തര്‍ ഇനിയും ശ്രമിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ -ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടി കരുത്ത് തെളിയിച്ച മുസ്ലീം ലീഗിന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം.

Top