കമ്യൂണിസ്റ്റ് സിനിമയ്ക്ക്‌ കൈരളി ടി.വിയുടെ റെഡ്‌സിഗ്നല്‍; സിപിഎമ്മില്‍ പ്രതിഷേധം

കൊച്ചി: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലും ജനകീയ മുഖവുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ത്യാഗോജ്വലമായ ജീവിത കഥ പറഞ്ഞ ‘വസന്തത്തിന്റെ കനല്‍ വഴികള്‍’ സിനിമയുടെ ചാനല്‍ റൈറ്റ് വാങ്ങാതെ സിനിമയെ ‘വിസ്മൃതി’യിലാക്കിയ കൈരളി ചാനല്‍ അധികൃതര്‍ക്കെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.

കൊല്ലം ജില്ലാ സമ്മേളനത്തില്‍ തിരികൊളുത്തിയ വിമര്‍ശനം ഇപ്പോള്‍ സിപിഎം അണികളില്‍ കത്തിപ്പടരുകയാണ്. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന സിനിമ അവഗണിച്ച ചാനല്‍ അധികൃതര്‍ കൈരളി ടി.വി ചെയര്‍മാന്‍കൂടിയായ നടന്‍ മമ്മൂട്ടിയുടെ തട്ടുപൊളിപ്പന്‍ സിനിമകള്‍ പോലും ഉയര്‍ന്ന വിലക്ക് എടുക്കുന്നതിന്റെ യുക്തിയും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്.

അരാഷ്ട്രീയ വാദവും, കമ്യൂണിസ്റ്റ് വിരുദ്ധതയും വാര്‍ത്താ – സിനിമാ മേഖലകളില്‍ ശക്തമായിരിക്കെ പുതിയ തലമുറയെ കമ്യൂണിസത്തിന്റെ നന്മകളിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ ‘വസന്തത്തിന്റെ കനല്‍വഴികള്‍’ കൈരളിയുടെ നിലപാടിനെ തുടര്‍ന്ന് ‘നിര്‍മ്മാതാവിന്റെ കനല്‍വഴികളായി’ മാറുകയായിരുന്നു.

വിശരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി നാഗേന്ദ്രന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമയിലെ നായകന്‍ തെന്നിന്ത്യന്‍ താരം സമുദ്രക്കനിയാണ്.

കോടികള്‍ ചെലവിട്ട് മൂവായിരത്തോളം അഭിനേതാക്കളെ അണിനിരത്തിയ ‘വസന്തത്തിന്റെ കനല്‍വഴികള്‍’ക്കായി ഒരു കാലഘട്ടത്തെ പുന:സൃഷ്ടിക്കാനായി പ്രത്യേക സെറ്റ് തന്നെ നിര്‍മ്മിച്ചിരുന്നു. 120 ദിവസമായിരുന്നു ചിത്രീകരണം. സിപിഐഎം പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയും മനസ്സിന്റെ ഉള്ളിലെ ഉയര്‍ന്ന കമ്യൂണിസ്റ്റ് സ്‌നേഹവുമാണ് പ്രതിസന്ധികളെ തരണം ചെയ്തും കടം വാങ്ങിയും സിനിമ പുറത്തിറക്കാന്‍ അനിലിനെ പ്രേരിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് റിലീസായ ചിത്രം സിപിഎമ്മിനെ സഹായിക്കാനാണെന്ന് ആരോപണമുയര്‍ത്തി രാഷ്ട്രീയ എതിരാളികള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ നവംബര്‍ 14നാണ് വീണ്ടും റിലീസ് ചെയ്തത്.
ആ സമയത്താകട്ടെ എ ക്ലാസ് തിയറ്ററുകളില്‍ റിലീസിങ് ലഭിക്കാതെ വന്നത് നിര്‍മ്മാതാവിന് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായി.

കൈരളി ചാനല്‍ തന്റെ സിനിമയുടെ സാറ്റ്‌ലൈറ്റ് റൈറ്റ് വാങ്ങണമെന്ന് ആഗ്രഹിച്ച് പലവട്ടം ചാനല്‍ അധികൃതരെ അനില്‍ നാഗേന്ദ്രന്‍ സമീപിച്ചെങ്കിലും കൈരളി മുഖം തിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ചാനല്‍ കാരണമായി പറഞ്ഞിരുന്നത്. തനിക്ക് ലാഭമോ മുതല്‍മുടക്കോ ഒന്നും വേണ്ടെന്നും ഈ സിനിമ പുറത്തിറങ്ങുന്നതിന് വേണ്ടി പലരില്‍ നിന്നും കടംവാങ്ങിയ പണം ലഭിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടും കൈരളി വഴങ്ങിയില്ലത്രെ.

അതേസമയം തിയറ്ററുകളില്‍ പരാജയപ്പെട്ട മമ്മൂട്ടിയുടെ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രം ‘വസന്തത്തിന്റെ കനല്‍വഴികളെ’ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തള്ളിയ ചാനല്‍ അധികൃതര്‍ തന്നെ വന്‍തുക നല്‍കി വാങ്ങിയതും വിവാദമായിട്ടുണ്ട്.

സൂപ്പര്‍ താര മികവില്ലാത്തതിനാലും റിലീസിങ്ങില്‍ നേരിട്ട തിരിച്ചടിയിലും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും വലിയ തരത്തില്‍ നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു വസന്തത്തിന്റെ കനല്‍ വഴികള്‍. അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ക്രൂരതകളുടെയും പ്രതിരൂപമായ ജന്മിത്വത്തിനെതിരെ ഒരു നാരങ്ങാ കച്ചവടക്കാരന്റെ വേഷമണിഞ്ഞ് പി. കൃഷ്ണപിള്ള ജനങ്ങളെ സംഘടിപ്പിച്ച് നേരിടുന്ന കമ്യൂണിസ്റ്റ് ചരിത്രമാണ് ‘വസന്തത്തിന്റെ കനല്‍വഴികളിലൂടെ’ആവിഷ്‌കരിച്ചത്. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ കമ്യൂണിസ്റ്റ് സിനിമ വലിയ തരത്തില്‍ നിരൂപക ശ്രദ്ധ നേടിയിരുന്നു.

കുവൈറ്റിലെ, കലാസാംബശിവന്‍ അവാര്‍ഡ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ടെത്തിയാണ് അനില്‍ നാഗേന്ദ്രന് കൈമാറിയിരുന്നത്.

കൂടുതല്‍ ജനങ്ങളിലേക്ക് സിനിമയുടെ സന്ദേശമെത്തിക്കാന്‍ കൈരളി ടി.വി വഴി കഴിയുമെന്ന സംവിധായകന്റെയും അണിയറപ്രവര്‍ത്തകരുടെയും പ്രതീക്ഷകളാണ് സാമ്പത്തിക നഷ്ടത്തിന്റെ പേര് പറഞ്ഞ് കൈരളി തകര്‍ത്തതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സൂപ്പര്‍ താരപരിവേഷമില്ലാത്ത സിനിമകളെല്ലാം ചാനലുകള്‍ നല്‍കുന്ന സാറ്റ്‌ലൈറ്റ് റൈറ്റിന്റെ ബലത്തിലാണ് പിടിച്ച് നില്‍ക്കാറുള്ളത്.

സിനിമകളുടെ ചാനല്‍ റൈറ്റ് വാങ്ങുന്നതില്‍ പിന്നോട്ട് നില്‍ക്കുന്ന കൈരളി ചാനല്‍ മമ്മൂട്ടിയുടെ പരാജയ ചിത്രങ്ങള്‍ പോലും വലിയ വില നല്‍കി വാങ്ങുന്നതിന്റെ യുക്തിയും ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നു. ചാനല്‍ ചെയര്‍മാനായതുകൊണ്ടാണൊ ഈ പരിഗണനയെന്നാണ് അവരുടെ ചോദ്യം.

Top