വളര്‍ത്തുമകളും കാമുകനും ചേര്‍ന്നു മാതാപിതാക്കളെ കൊലപ്പെടുത്തി :മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചത് 72 ദിവസം

വഡോദര : കൗമാരക്കാരിയായ വളര്‍ത്തുമകളും കാമുകനും ചേര്‍ന്നു മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം മൃതദേഹം 72 ദിവസത്തോളം വീടിനുള്ളില്‍ സൂക്ഷിച്ചു. ഗുജറാത്തിലെ വഡോദര നഗരത്തിലെ മഞ്ചാള്‍പൂരില്‍ നടന്ന സംഭവം രണ്ടു ദിവസംമുമ്പാണു പുറംലോകമറിഞ്ഞത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്‍ ശ്രീഹരി വിനോദ്(63), ഭാര്യയും റിട്ട. എല്‍ഐസി ഉദ്യോഗസ്ഥയുമായ സ്‌നേഹയുമാണ് മഞ്ചാള്‍പൂരിലെ തിരുപാതി സൊസൈറ്റിയിലുള്ള വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16 കാരിയായ വളര്‍ത്തുമകളെയും കാമുകന്‍ സപാന്‍ പുരാനി(21)യെയും അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ഇരുവരും ചേര്‍ന്ന് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു പട്ടേല്‍ പറഞ്ഞു. അടച്ചിട്ട വീടിനുള്ളില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ 15 വര്‍ഷംമുമ്പാണു പെണ്‍കുട്ടിക്കു ഒരു വയസുള്ളപ്പോള്‍ ദത്തെടുത്തത്. ഇപ്പോള്‍ വഡോദര നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വളര്‍ത്തുമാതാപിതാക്കളുടെ കൊലപാതകത്തിനുശേഷം കാമുകനോടൊപ്പമാണു താമസിച്ചുവന്നിരുന്നത്. കൊലപാതകത്തിനുശേഷം പെണ്‍കുട്ടിയും കാമുകനും ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തി വീടുതുറന്നു മൃതദേഹങ്ങളില്‍ ആസിഡും പെര്‍ഫ്യൂമും പൂശിയിരുന്നു. ഇതിനാലാണു ദുര്‍ഗന്ധം കാര്യമായി പുറത്തേക്കു വമിക്കാതിരുന്നതെന്നു പോലീസ് പറഞ്ഞു. ആസിഡ് ഒഴിക്കുക വഴി മൃതദേഹം പൂര്‍ണമായും അലിഞ്ഞില്ലാതാകുമെന്ന് ഇരുവരും വിശ്വസിക്കുകയും ചെയ്തു. പെണ്‍കുട്ടിയെയും കാമുകനെയും വിശദമായി ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു.

Top