വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇടത്‌ പക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങള്‍ നിന്നു; ജനതാദള്‍

കൊച്ചി: വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നേറ്റമെന്ന് യുഡിഎഫ് ഘടകകക്ഷി.

ജനതാദള്‍ (യു) സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജാണ് കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി രംഗത്തുവന്നിരിക്കുന്നത്.

മലപ്പുറം ജില്ലയിലടക്കം ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന്റെ വര്‍ഗ്ഗീയ വിരുദ്ധ നിലപാടാണ്.

ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഇടതുപക്ഷം ഉണ്ടാക്കിയ മുന്നേറ്റം പഠിക്കേണ്ടത് തന്നെയാണെന്നും വര്‍ഗ്ഗീസ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് വിധിക്കുശേഷം ജനതാദള്‍ (യു) യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു മടങ്ങുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെ പ്രതികരണം.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനതാദള്‍ (യു) മുന്നണി വിട്ടാല്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നില അപകടത്തിലാവും. കൊല്ലത്തെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്പിയും നിലപാട് മാറ്റത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളി എസ്എന്‍ഡിപി സഖ്യത്തിനെതിരെ ആത്മാര്‍ത്ഥമായി നിലപാട് സ്വീകരിക്കാത്തതാണ് തിരിച്ചടിക്ക് കാരണമെന്നാണ് ജനതാദള്‍ (യു) വും ആര്‍എസ്പിയും കുറ്റപ്പെടുത്തുന്നത്.

Top