വന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും എത്തുന്നു

ഇന്ത്യന്‍ ഇകൊമേഴ്‌സ് വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഓഫറുകളുടെ പെരുമഴയുമായി എത്തുന്നു. ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ച ബിഗ് ബില്യണ്‍ സെയിലിനെ പ്രതിരോധിക്കാന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുമായി ആമസോണ്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഫ്‌ളിപ്പ്കാര്‍ട്ട് നടത്തിയ ബിഗ് ബില്യണ്‍ ഡേ വന്‍ വിജയമായിരുന്നു.

മൊബൈല്‍ ആപ്പില്‍കൂടി മാത്രമാണ് ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പന നടത്തുന്നത്. ആമസോണ്‍ വെബിലും, മൊബൈലിലും ആപ്പിലും വില്‍പ്പന നടത്തുന്നുണ്ട്. പക്ഷെ, ആപ്പിലൂടെ സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് വലിയ ഡീലുകള്‍ 15 മിനിറ്റ് നേരത്തെ ലഭിക്കുകയും എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അധികം ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുകയും ചെയ്യും.

ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് ഇരു കമ്പനികളും ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ 16ും 17ും തിയതികളില്‍ ആമസോണ്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി മാത്രമായി പ്രത്യേകം ഡീലുകള്‍ അവതരിപ്പിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് മുന്‍കൂട്ടി തയാറെടുക്കാന്‍ ഇരു കമ്പനികളും ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും അക്കൗണ്ട് ഇല്ലാത്തവര്‍ ഫെസ്റ്റിവല്‍ സെയില്‍സ് തുടങ്ങുന്നതിന് മുന്‍പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെന്നും പണമിടപാടുകള്‍ നടത്തുന്നതിനുള്ള ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അക്കൗണ്ടില്‍ ചേര്‍ക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു. ഓഫറുകള്‍ അവതരിപ്പിച്ച് ഉടന്‍ തന്നെ അവ തീരാന്‍ സാധ്യതയുള്ളതിനാലാണ് മികച്ച ഡീലുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് ടിപ്‌സ് നല്‍കിയിരിക്കുന്നത്

Top