വന്‍കരയുടെ പുതിയ രാജാക്കന്മാരെ തേടി ; കോപ്പ അമേരിക്കയ്ക്ക് തുടക്കമാകുന്നു

സാന്റിയാഗോ: തെക്കേ അമേരിക്കയിലെ പുതിയ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്കയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും . ചിലിയിലെ സാന്റിയാഗോയില്‍ ആതിഥേയര്‍ ഇക്വഡോറുമായി ആദ്യമത്സരം കളിക്കും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.15നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

10 ടീമുകള്‍ ലാറ്റിനമേരിക്കയില്‍ നിന്നും മെക്‌സിക്കോ, ജമൈക്ക ടീമുകള്‍ ക്ഷണിതാക്കളായും കളിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. മികച്ച രണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കും ക്വാര്‍ട്ടറിലേക്ക് പ്രവേശനമുണ്ടാകും.

15ാം കിരീടമാണ് മെസ്സിയും സംഘവും ലക്ഷ്യമിടുന്നത്. പതിവുപോലെ ആക്രമണമാണ് ടീമിന്റെ കരുത്ത്. ലോകകപ്പിനുശേഷം പരിശീലക ചുമതലയേറ്റെടുത്ത ജെറാര്‍ഡോ മാര്‍ട്ടീനോയുടെ ആദ്യ പരീക്ഷണമാണ് കോപ്പ അമേരിക്ക.

അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി യില്‍ കടുത്ത പോരാട്ടമാണ്. ഉറുഗ്വായ്, പാരഗ്വായ്, ജമൈക്ക ടീമുകളാണ് കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായ്ക്ക് തിരിച്ചടി സസ്‌പെന്‍ഷനിലായ മികച്ച ഫോമില്‍ കളിക്കുന്ന ലൂയി സുവാരസിന്റെ അഭാവമാണ്. ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും ഉറുഗ്വായും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനാണ് സാധ്യത. മികച്ച മൂന്നാം സ്ഥാനക്കാരായി പാരഗ്വായും ക്വാര്‍ട്ടറിലേക്ക് ഇടം നേടിയേക്കും.

സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ നെയ്മറിന്റെ ബ്രസീല്‍ എന്ന പരിവേഷത്തിലാണ് ടീം കളിച്ചത്. എന്നാല്‍, കോപ്പ അമേരിക്കയാകുമ്പോഴേക്കും പരിശീലകന്‍ ദുംഗയുടെ ബ്രസീല്‍ എന്ന ലേബലിലേക്ക് ടീം മാറിയിരിക്കുന്നു. സൂപ്പര്‍ താരങ്ങളേക്കാള്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ടീമാക്കി ദുംഗ ബ്രസീലിനെ മാറ്റി. ലോകകപ്പിലെ ദയനീയ തോല്‍വിക്ക് ശേഷം ടീമിന്റെ പരിശീലന ച്ചുമതലയേറ്റെടുത്ത മുന്‍ ലോകകപ്പ് നായകന് കീഴില്‍ ടീം കളിച്ച ഒമ്പത് മത്സരങ്ങളിലും ജയിച്ചു.

ഗ്രൂപ്പ് സിയില്‍ കൊളംബിയയാണ് ബ്രീസീലിന് എതിരാളികളാകാന്‍ സാധ്യതയുള്ള ടീം. റെഡമെല്‍ ഫാല്‍ക്കാവോയുടെ തിരിച്ചുവരവാണ് ടീമിന്റെ കരുത്തേറ്റുന്നത്. ഹോസെ പെക്കര്‍മാന്‍ എന്ന തന്ത്രശാലിയായ പരിശീലകനാണ് കൊളംബിയയെ പ്രവചനങ്ങള്‍ക്ക് അതീതമാക്കുന്നത്. പെറുവും വെനസ്വലെയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ചിലി ഇത്തവണ ഏറെ മോഹിക്കുന്നുണ്ട്. അലക്‌സിസ് സാഞ്ചസും അര്‍ട്ടൂറോ വിദാലും അവര്‍ക്ക് കന്നികിരീടം നേടിക്കൊടുക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. മെക്‌സിക്കോ, ഇക്വഡോര്‍, ബൊളീവിയ എന്നീ ടീമുകളാണ് ചിലിക്കൊപ്പം ഗ്രൂപ്പ് എയിലുള്ളത്. മെക്‌സിക്കോ യുവനിരയില്‍ വിശ്വാസമര്‍പ്പിച്ചാണ് എത്തുന്നത്. ഒരു പിടി യുവതാരങ്ങളുമായിട്ടാണ് പരിശീലകന്‍ മിഗ്വല്‍ ഹെരേര എത്തുന്നത്.

ചിലിയെ എട്ട് നഗരങ്ങളിലെ ഒന്‍പത് വേദികളില്‍ ഇനി വന്‍കരയുടെ പുതിയ രാജാക്കന്‍മാരെ തേടിയുള്ള പോരാട്ടങ്ങളുടെ ദിനങ്ങള്‍. ജൂലൈ അഞ്ചിനാണ് ഫൈനല്‍. യൂറോപ്യന്‍ കേളീശൈലികളുടെ അധിനിവേശമുണ്ടെങ്കിലും ഇന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നവരാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍. മെസ്സി, നെയ്മര്‍, ഫല്‍കാവോ, റോഡ്രിഗസ്, വിദാല്‍, സാഞ്ചസ് തുടങ്ങിയ മിന്നുംതാരങ്ങള്‍ കൂടിയാവുമ്പോള്‍ കോപ്പയില്‍ ആവേശം നുരഞ്ഞുപതയുമെന്നുറപ്പ്.

Top