വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകങ്ങള്‍ക്ക് പ്രോത്സാഹവുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകങ്ങള്‍ക്ക് പ്രോത്സാഹനമായി നല്‍കാന്‍ ഒട്ടേറെ സൗജന്യങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. 15 ശതമാനത്തോളം വരുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പദ്ധതി.

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനായി അതിവേഗ വായ്പ സംവിധാനം, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികവിദ്യാ കൈമാറ്റത്തിന് പത്തുലക്ഷം രൂപവരെ സഹായം, സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനാര്‍ത്ഥം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര പരിപാടികളില്‍ പത്തുശതമാനം സീറ്റുകള്‍ മാറ്റിവെക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയില്‍ ഈ ആഴ്ച്ച നടക്കുന്ന ഉച്ചകോടിയില്‍ പങ്കുവയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രീ ഇന്‍കുബേഷന്‍, വിപണനം, ഉത്പന്ന വികസനം തുടങ്ങിയ മേഖലകളിലാകും വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നേട്ടമുണ്ടാകുക. പദ്ധതിയനുസരിച്ച് വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങള്‍ക്ക് ആദ്യ കാലങ്ങളില്‍ പ്രീ ഇന്‍കുബേഷന്‍ പിന്തുണ സര്‍ക്കാര്‍ നല്‍കും. ആദ്യത്തെ മൂന്ന് മാസത്തേക്കായിരിക്കും സൗജന്യ ഇന്‍കുബേഷന്‍ സഹായം ലഭിക്കുക. സാങ്കേതിക സഹായം, മാര്‍ഗനിര്‍ദ്ദേശം തുടങ്ങിയവ ഇക്കാലയളവില്‍ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സൗജന്യമായി ലഭിക്കും. വനിതകളുടെ മാത്രമായ പത്ത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്താകും പ്രീ ഇന്‍കുബേഷന്‍ സഹായം നല്‍കുക.

ഉത്പന്നങ്ങള്‍ ദേശീയ അന്തര്‍ദേശീയ മേളകളില്‍ എത്തിക്കുന്നതിനു രജിസ്‌ട്രേഷന്‍ തുക ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കും. ദേശീയ, അന്തര്‍ദേശീയ മേളകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനായി സംരംഭത്തിലെ ഒരു സ്ഥാപകാംഗത്തിനുള്ള യാത്രച്ചെലവ് സര്‍ക്കാര്‍ നല്‍കും. നാലുയാത്രയ്ക്ക് ഇത്തരത്തില്‍ സൗജന്യം ലഭിക്കും. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി അഞ്ചുലക്ഷം രൂപ വീതം രണ്ടു വര്‍ഷത്തേക്ക് നല്‍കും. ഇത്തരം സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന സീഡ് ഫണ്ടിങ് മോറട്ടോറിയം ഒരു വര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമാക്കി വര്‍ധിപ്പിക്കും.

Top