വനിതകളെ കിട്ടാനില്ല; ഡിവൈഎഫ്‌ഐ സംഘടനാ സമ്മേളനങ്ങള്‍ പ്രഹസനമാകും

തിരുവനന്തപുരം: വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ കീഴ്ഘടകങ്ങളില്‍ വനിതാ സംവരണം നടപ്പാകില്ലെന്ന് സൂചന.

ഡിവൈഎഫ്‌ഐ നേതൃനിരയില്‍ യുവതികള്‍ക്ക് സംവരണം ഉറപ്പ് വരുത്തിവേണം യൂണിറ്റ് തലംമുതലുള്ള സമ്മേളനങ്ങള്‍ നടത്തേണ്ടതെന്ന സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലറാണ് ഡിവൈഎഫ്‌ഐയുടെ കീഴ്ഘടകങ്ങള്‍ക്ക് തലവേദനയാകുന്നത്.

സംസ്ഥാനത്തെ നല്ലൊരു ശതമാനം ഡിവൈഎഫ്‌ഐ യൂണിറ്റ് ഘടകങ്ങളും നിര്‍ജീവാവസ്ഥയിലായിരിക്കെ വനിതാ കേഡറുകളെ തേടി എവിടെ പോകുമെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്നുയരുന്ന ചോദ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വനിതാ സംവരണം വര്‍ദ്ധിപ്പിച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് സംഘടനാ കമ്മിറ്റികളിലും ഡിവൈഎഫ്‌ഐ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ സമ്മേളന കാലയളവില്‍ തന്നെ സംഘടനാ സംവരണം നടപ്പിലാക്കാന്‍ ഡിവൈഎഫ്‌ഐ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഭൂരിപക്ഷ ഘടകങ്ങളിലും ഈ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പ്രത്യേക സര്‍ക്കുലര്‍ നല്‍കി സംസ്ഥാന കമ്മിറ്റി മുന്‍ തീരുമാനം വീണ്ടും കീഴ്ഘടകങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

മറ്റ് യുവജന സംഘടനകളെ അപേക്ഷിച്ച് യുവതികളുടെ സാന്നിധ്യം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംഘടന ഡിവൈഎഫ്‌ഐ ആണെങ്കിലും സംഘടനാ രംഗത്തെ നിര്‍ജീവാവസ്ഥയും മാതൃസംഘടനയായ സിപിഎം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുമാണ് ഡിവൈഎഫ്‌ഐക്ക് തിരിച്ചടിയാകുന്നത്.

സംഘടനയുടെ അടിസ്ഥാന ഘടകമായ യൂണിറ്റ് തലംമുതല്‍ നടപ്പാക്കേണ്ട 16 ഇന നിര്‍ദേശങ്ങളാണ് പുതിയ സര്‍ക്കുലറില്‍ നേതൃത്വം പുറപ്പെടുവിച്ചിരിക്കുന്നത്.

യൂണിറ്റ് സെക്രട്ടറിയോ പ്രസിഡന്റോ യുവതികളാവണമെന്ന മുന്‍ തീരുമാനം കര്‍ക്കശമായി നടപ്പാക്കണമെന്നും യൂണിറ്റ് എക്‌സിക്യൂട്ടീവില്‍ രണ്ടുപേര്‍ യുവതികളായിരിക്കണമെന്നും സംസ്ഥാന നേതത്വം നിര്‍ദേശിച്ചിട്ടുണ്ട്.

ഒന്‍പതില്‍ കുറയാത്ത അംഗങ്ങളാണ് യൂണിറ്റ് കമ്മിറ്റിയില്‍ ഉണ്ടായിരിക്കേണ്ടത്. ഇതിന് പുറമെ മേഖല സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കുന്ന പ്രതിനിധികളില്‍ 30 ശതമാനവും യുവതികളായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാതൃസംഘടനയായ സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെ കുടുംബശ്രീയില്‍ അംഗങ്ങളായ, യുവതികളായ പാര്‍ട്ടി അനുഭാവികളെ ഡിവൈഎഫ്‌ഐ സമ്മേളനങ്ങളില്‍ പങ്കെടുപ്പിച്ച് നിലവിലെ പ്രതിസന്ധി മറികടക്കാനാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിനും ആശങ്കയുണ്ട്.

പാര്‍ട്ടി കുടുംബങ്ങളിലെ യുവതികള്‍ പോലും മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇപ്പോള്‍ സംഘടനാ രംഗത്തോട് മുഖം തിരിക്കുന്നതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം.

Top