‘വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം’ ലൈവ് പ്രോഗ്രാമിലൂടെ ലോകതാരങ്ങള്‍ ഒന്നിച്ചെത്തുന്നു

കോവിഡ് വ്യാപനത്തില്‍ ലോകം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നിരവധി കലാകാരന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സാമ്പത്തികമായി സഹായിക്കാന്‍ ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി ലോകത്തുള്ള വിവിധ കലാകാരന്മാരെ ഉള്‍പ്പെടുത്തി ‘വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം’ എന്ന ഒരു ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

കൊറോണ വൈറസിനോടുളള പേരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പോപ്പ് താരം ലേഡി ഗാഗയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനുമാണ് പങ്കെടുക്കുന്നത്. ജോണ്‍ ലെജന്റ്, എല്‍ട്ടണ്‍ ജോണ്‍, ഡേവിഡ് ബെക്കാം, ഇഡ്രിസ് എല്‍ബ തുടങ്ങിയവര്‍ തത്സമയ പരിപാടിയില്‍ ചേരും.

ഏപ്രില്‍ 18 നാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയും ഗ്ലോബല്‍ സിറ്റിസനും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ‘ദി വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം’ വെര്‍ച്വല്‍ ഷോ ആമസോണ്‍ പ്രൈം വീഡിയോ, ആപ്പിള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ തത്സമയം കാണാം.

സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്, ജിമ്മി ഫാലോണ്‍, ജിമ്മി കിമ്മല്‍ എന്നിവരാണ് ഷോയുടെ അവതാരകരായി എത്തുന്നത്. അതേസമയം താരങ്ങളുടെ ലോക്ക്ഡൗണ്‍ ജീവിതങ്ങളും പരിപാടിയിലൂടെ സംപ്രേഷണം ചെയ്യും.

Top