വടക്കന്‍ മാലിയില്‍ ഭീകരാക്രമണം: 10 സൈനികര്‍ കൊല്ലപ്പെട്ടു

ബമാക്കോ: വടക്കന്‍ മാലിയില്‍ സൈനിക പോസ്റ്റിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. തിംബുക്തു പട്ടണത്തിനു 160 കിലോമീറ്റര്‍ തെക്കു കിഴക്കുള്ള ഗോര്‍മറാറൗസിലാണ് സംഭവം.

ബൈക്കുകളിലെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ആര്‍മി വാഹനങ്ങളും ഭീകരര്‍ അഗ്‌നിക്കിരയാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഇസ്ലാമിക ഭീകര സംഘടനയായ അന്‍സര്‍ ഡൈനാകാം സംഭവത്തിനു പിന്നിലെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്.

മദ്ധ്യ മാലിയില്‍ രണ്ട് ദിവസം മുന്‍പ് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വടക്കന്‍ മേഖലയിലും ആക്രമണമുണ്ടായത്. 2012 മാര്‍ച്ചില്‍ പ്രസിഡന്റ് അമദോ തൗമനി തോര്‍ സ്ഥാനഭ്രഷ്ടനായതു മുതല്‍ രാജ്യത്ത് പ്രക്ഷോഭങ്ങളും ആക്രമണങ്ങളും തുടര്‍സംഭവമാണ്.

Top