മമതയെ കടത്തിവെട്ടാന്‍ ബി.ജെ.പി :ഒരു കോടി അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കും

കൊല്‍ക്കത്ത: വംഗനാട്ടില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പിയുടെ നീക്കം. 2015 മാര്‍ച്ച് 31 ഓടെ പശ്ചിമബംഗാളില്‍ ഒരു കോടി അംഗങ്ങളെ പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് തീരുമാനം. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, പശ്ചിമ ബംഗാള്‍ യൂണിറ്റ് ചീഫ് രാഹുല്‍ സിന്‍ഹ, സ്റ്റേറ്റ് ഇന്‍ ചാര്‍ജ് സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

നവംബര്‍ 30ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ക്യാമ്പയിനില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും പങ്കെടുക്കുന്നുണ്ട്. ഇതുവരെ വലിയ സ്വാധീനം ചെലുത്താന്‍ കഴിയാത്ത പശ്ചിമബംഗാളില്‍ പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാകാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം.

ന്യൂനപക്ഷ വിഭാഗം ധാരാളമുള്ള പശ്ചിമബംഗാളില്‍ അവരെ കൂടി കണക്കിലെടുത്താണ് ബി.ജെ.പി ക്യാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി മുക്താര്‍ അബ്ബാസ് നറഖ് വിയെയും ക്യാമ്പയിന്‍ നയിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മുസ്ലിം വിരുദ്ധ ഇമേജ് സൃഷ്ടിക്കാതിരിക്കാനുള്ള ബി.ജെ.പിയുടെ നീക്കാമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ശാരദാ ചിട്ടി ഫണ്ട് അഴിമതിയുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് മോഡിയുടെ കീഴില്‍ സൂവര്‍ണ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ബി.ജെ.പിയുടെ നീക്കം. അതുപോലെ തന്നെ മമതാ ബാനര്‍ജിയെ ബംഗ്ലാദേശിലെ ജമാത്ത് ഉള്‍ മുജാഹിദ്ദീനുമായി ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. അതേസമയം, ബി.ജെ.പി സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ആരോപിച്ചിട്ടുണ്ട്.

രാജ്യത്ത് നവംബര്‍ മൂന്നിന് ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ലക്ഷ്യം 10 കോടി പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്നതാണ്.

Top