ലോക ഹോക്കി ലീഗ്: ഇന്ത്യയെ കീഴടക്കി ബ്രിട്ടന്‍

ബെല്‍ജിയം: ലോക ഹോക്കി ലീഗില്‍ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ജയത്തോടെ ബ്രിട്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ നേരത്തെ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

സെമിയില്‍ ബെല്‍ജിയത്തിനെതിരെ എതിരില്ലാത്ത നാലു ഗോളിന് തോറ്റ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

പതിനൊന്നാം മിനിട്ടില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഡാനിയേല്‍ ഫോക്‌സാണ് ബ്രിട്ടനെ ആദ്യം മുമ്പിലെത്തിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ ഇന്ത്യ രണ്ടാം ക്വാര്‍ട്ടറില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍ മധ്യനിരയിലെ അതിവേഗ കളിയിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബ്രിട്ടന്‍ ശ്രീജേഷിനെ കാഴ്ചക്കാരനാക്കി ക്രിസ് ഗ്രിഫിത്തിലൂടെ രണ്ടാം ഗോള്‍ നേടി. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യ പിന്നീട് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനായാണ് ശ്രമിച്ചത്. രണ്ടാം ക്വാര്‍ട്ടറില്‍ പിന്നെ ഗോളൊന്നും വഴങ്ങിയില്ലെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി ബ്രിട്ടന്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യതകള്‍ പൂര്‍ണമായും അടച്ചു.

ഇന്ത്യന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി പ്രത്യാക്രമണത്തില്‍ നിന്ന് ജാക്‌സണും പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ആദം ഡിക്‌സണും തൊട്ടടുത്ത നിമിഷം ക്യാപ്റ്റന്‍ മിഡില്‍ടണും ബ്രിട്ടനായി സ്‌കോര്‍ ചെയ്തു. നാലാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ശ്രീജേഷ് രക്ഷകനായി. കളി തീരാന്‍ ഏഴുമിനിട്ടുകള്‍ ശേഷിക്കെ ഇന്ത്യ മത്സരത്തിലെ ആദ്യ പെനല്‍റ്റി കോര്‍ണര്‍ നേടി. എന്നാല്‍ ജസ്ജിത് സിംഗ് അവസരം പാഴാക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍ നിന്ന് രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. ശ്രീജേഷിന്റെ മികച്ച സേവുകളാണ് ബ്രിട്ടന് ഇതിലും വലിയ വിജയം നിഷേധിച്ചത്.

Top