ലോക ശക്തികള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ; നാവിക മേഖലയില്‍ പുതിയ ചരിത്രം

ന്യൂഡല്‍ഹി: പരസ്പരം പോരടിക്കുന്ന സൗദി-ഇറാന്‍-ഇസ്രയേല്‍ രാജ്യങ്ങളടക്കം നാല്‍പ്പതോളം രാജ്യങ്ങളില്‍ പര്യടനം നടത്തി ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് ബോധ്യപ്പെടുത്തിയ പടക്കപ്പലുകള്‍ രാജ്യത്തിന് അഭിമാനമായി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40 രാജ്യങ്ങളിലാണ് ഇന്ത്യന്‍ പടക്കപ്പലുകള്‍ സൗഹൃദ സന്ദര്‍ശനം നത്തിയത്. ഇത് ചരിത്രത്തില്‍ ആദ്യ സംഭവമാണ്.

ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന്‍, വിയറ്റ്‌നാം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നിരീക്ഷണം ശക്തമായ സാഹചര്യത്തില്‍ നടന്ന ‘തന്ത്രപര’മായ നീക്കത്തെ അമേരിക്കയും റഷ്യയുമടക്കമുള്ള വന്‍ശക്തികള്‍ അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്.

ചൈനയെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ ദൗത്യങ്ങള്‍ വരുംനാളുകളില്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളും നല്‍കുന്ന സൂചന.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കാവല്‍ക്കാരന്‍ എന്ന ചുമതല നിറവേറ്റുമ്പോഴും കൂടുതല്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന്റെ പണിപ്പുരയിലാണ് ഇന്ത്യ. ഐ.എന്‍എസ് കൊച്ചിന്‍ എന്ന പടക്കപ്പല്‍ സെപ്തംബര്‍ 30നാണ് കമ്മീഷന്‍ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ആറ് അന്തര്‍ വാഹിനികള്‍ അവസാനഘട്ട പണിപ്പുരയിലുമാണ്.

ആണവ വിമാനവാഹിനി കപ്പല്‍ അമേരിക്കന്‍ സഹായത്തോടെ ഇന്ത്യ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത് ചൈനയെയും പാക്കിസ്ഥാനെയും ഏറെ അലോസരപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലോകത്ത് അമേരിക്കക്ക് പുറമെ റഷ്യക്കും ബ്രിട്ടണും ഫ്രാന്‍സിനും മാത്രമേ ആണവ വിമാന വാഹിനി കപ്പല്‍ ഇപ്പോഴൊള്ളു.

റഷ്യ, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി പലഘട്ടങ്ങളില്‍ ഏറ്റുമുട്ടിയിട്ടുള്ള ചൈനയുടെ നടപടി ഈ രാജ്യങ്ങളുമായി സൗഹൃദപരമായ അന്തരീക്ഷമുണ്ടാക്കുന്നതിന് ഇന്ത്യക്ക് സഹായമായിട്ടുണ്ട്.

ഇന്ത്യയുടെ സൗഹൃദപരമായ ഈ നിലപാട് തന്നെയാണ് പരസ്പരം കടുത്ത ശത്രുതയിലായ ഇസ്രയേല്‍, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെയും പിന്തുണ ഒരേ സമയം ആര്‍ജ്ജിക്കാന്‍ ഇന്ത്യക്ക് വഴിയൊരുക്കിയത്.

ഒക്ടോബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ വച്ചു നടക്കുന്ന കര,നാവിക,വ്യോമ സേനാ കമാന്‍ഡര്‍മാരുടെ സംയുക്തയോഗത്തില്‍ നിര്‍ണ്ണായകമായ ചില തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതാദ്യമായാണ് ഇത്തരമൊരു യോഗം ഡല്‍ഹിക്ക് പുറത്ത് നടക്കുന്നത്. ഐഎന്‍എസ് വിക്രമാദിത്യ എന്ന വിമാന വാഹിനി കപ്പലിലാണ് നിര്‍ണ്ണായക യോഗം.

കര,നാവിക,വ്യോമ സേനാ മേധാവികള്‍ പ്രധാനമന്ത്രിക്കും കേന്ദ്ര പ്രതിരോധമന്ത്രിക്കും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ക്കും മുന്‍പാകെ മുന്‍വര്‍ഷത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കും. ഇതിനുശേഷമാണ് ഭാവിയില്‍ കൈക്കൊള്ളേണ്ട കാര്യങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കുക.

ലോകത്തെ വിവിധ രാജ്യങ്ങളിലെ പടക്കപ്പലുകളുടെ റിവ്യൂവും അടുത്ത മാസം ഇന്ത്യയില്‍ വച്ചാണ് നടക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അന്‍പതോളം രാജ്യങ്ങള്‍ യോഗത്തിനെത്തുമെന്ന് പ്രതിരോധ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Top