ലോക്‌സഭയില്‍ ചട്ടം പറഞ്ഞ കോണ്‍ഗ്രസ് നിയമസഭയില്‍ കാറ്റില്‍പറത്തിയതും ചട്ടം

തിരുവനന്തപുരം: ലോക്‌സഭയില്‍ കോണ്‍ഗ്രസ് ചട്ടം മുറുകെ പിടിച്ച് ബജറ്റ് ചര്‍ച്ച മാറ്റിവെപ്പിച്ചപ്പോള്‍ കേരള നിയമസഭയില്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോണ്‍ഗ്രസ് മുന്നണി ബജറ്റ് അതരിപ്പിച്ചു.

ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഹാജരാകാത്തത് ചൂണ്ടികാട്ടിയാണ് മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി സര്‍ക്കാരിനെക്കൊണ്ട് ബജറ്റ് ചര്‍ച്ച കോണ്‍ഗ്രസ് നീട്ടിവെപ്പിച്ചത്. ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ ഹാജരായിട്ടും സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും കോണ്‍ഗ്രസ് വഴങ്ങിയില്ല.

സഭയുടെ ചട്ടവും കീഴ്‌വഴക്കവും കാറ്റില്‍പറത്താന്‍ പാടില്ലെന്ന് ശക്തമായി വാദിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. അതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടനിലുള്ള ജെയ്റ്റ്‌ലി മടങ്ങിയെത്തിയ ശേഷം തിങ്കളാഴ്ച ചര്‍ച്ചനടത്താന്‍ തീരുമാനിച്ചാണ് ലോക്‌സഭ പിരിഞ്ഞത്.

അതേസമയം കേരളത്തില്‍ കലാപാന്തരീക്ഷത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. നിയമസഭാ ചട്ടപ്രകാരം സ്പീക്കര്‍ ചെയറിലെത്തി ഓര്‍ഡര്‍ നല്‍കിയിട്ടുവേണം ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍. ബജറ്റ് മേശപ്പുറത്തുവച്ചെന്ന് ധനമന്ത്രി അറിയിച്ച് സ്പീക്കര്‍ അനുമതി നല്‍കിയാലേ ചട്ടപ്രകാരം ബജറ്റ് അവതരണം നടക്കൂ.

എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം കാരണം ഡയസില്‍പോലും എത്താന്‍ കഴിയാത്ത സ്പീക്കര്‍ എന്‍. ശക്തന്‍ ആംഗ്യം വഴി ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയെന്നാണ് അറിയിച്ചത്. ഇത് നിയമസഭാ ചട്ടങ്ങളില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ഈ ചട്ടലംഘനം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി ബജറ്റുതന്നെ റദ്ദാക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷവും ബിജെപിയും.

ലോക്‌സഭയില്‍ ചട്ടം മുറുകെ പിടിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ അത് കാറ്റില്‍പ്പറത്തിയത് ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Top