ലോകഹോക്കി ലീഗ്: ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ബെല്‍ജിയം: ലോകഹോക്കി ലീഗ് സെമിഫൈനല്‍ റൗണ്ടില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എതിരില്ലാത്ത മൂന്നു ഗോളിന് പോളണ്ടിനെയാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ തോല്‍പ്പിച്ചത്. യുവരാജ് വാല്‍മീകി (23), സഹോദരന്‍ ദേവീന്ദര്‍ വാല്‍മീകി (52) എന്നിവര്‍ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ മൂന്നാം ഗോള്‍ നായകന്‍ സര്‍ദാര സിങ്ങിന്റെ (42) വകയായിരുന്നു. ഫ്രാന്‍സിനെതിരായ ആദ്യമത്സരത്തിലും ദേവീന്ദര്‍ ഗോള്‍ നേടിയിരുന്നു.

ജയത്തോടെ ഇന്ത്യയ്ക്ക് ആറുപോയന്റായി. വെള്ളിയാഴ്ച ചിരവൈരികളായ പാകിസ്താനെതിരെയാണ് അടുത്തമത്സരം.

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ വേഗമാര്‍ന്ന നീക്കങ്ങളിലൂടെയാണ് എതിരാളികളുടെ താളംതെറ്റിച്ചത്. ആദ്യക്വാര്‍ട്ടറില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന ഇന്ത്യക്കായി രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍തന്നെ യുവരാജ് മനോഹരമായി ഫീല്‍ഡ് ഗോളിലൂടെ ലീഡ് നേടി. തുടര്‍ന്ന് തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോളൊന്നും പിറന്നില്ല. മൂന്നാം ക്വാര്‍ട്ടറില്‍ നായകന്‍ സര്‍ദാര സിങ് ഒറ്റയ്ക്ക് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.

രണ്ട് ഗോള്‍ വീണതോടെ പോളണ്ട് തിരിച്ചടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മലയാളി ഗോള്‍കീപ്പര്‍ പി.എസ്. ശ്രീജേഷ് തടഞ്ഞു. ഒടുവില്‍ നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മൂന്നാം ഗോളും വന്നു. ചിന്‍ലെന്‍സനയുടെ പാസ് ദേവീന്ദര്‍ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റു (5-0). ആദ്യമത്സരത്തില്‍ ബെല്‍ജിയത്തോട് തോറ്റ ഇന്ത്യന്‍ വനിതകള്‍ രണ്ടാം മത്സരത്തില്‍ പ്രതിരോധപ്പിഴവിലൂടെയാണ് ന്യൂസീലന്‍ഡിനോട് കൂറ്റന്‍ തോല്‍വി വഴങ്ങിയത്.

Top