ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വിസ്മയമായി കെജ്‌രിവാള്‍; അമേരിക്കക്കും തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്തിന് മാത്രമല്ല ലോകരാഷ്ട്രങ്ങളെ പോലും വിസ്മയിപ്പിക്കുന്നതായി അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും മുന്നേറ്റം. രാജ്യ തലസ്ഥാനത്ത് ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും മലര്‍ത്തിയടിച്ച് യഥാര്‍ത്ഥ ഹീറോ ആയി ഉയര്‍ന്ന അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിഛായ തകര്‍ത്ത് കളഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെവിലയിരുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം വഴി ഉണ്ടായ അണവ കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള എതിര്‍പ്പുകൂടിയായാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തെ കാണുന്നത്. മോഡിക്കും ബിജെപിക്കും ഏറ്റ ഈ തിരിച്ചടിയെ ചൈനയും അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. അമേരിക്ക ഇന്ത്യാ ബന്ധം ശക്തമായത് ചൈനയെ അലോസരപ്പെടുത്തിയിരുന്നു.

ഡല്‍ഹി നിയമസഭയുടെ ചരിത്രം മാറ്റി മറിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. ആകെയുള്ള 70 സീറ്റില്‍ 67 സീറ്റും 54.3 ശതമാനം വോട്ടും നേടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ പോലും നിലംപരിശാക്കിയാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരുടെയും എം.പിമാരുടെയും വന്‍ പടയെ രംഗത്തിറക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തിയും പ്രചാരണം നയിച്ച് ആം ആദ്മി പാര്‍ട്ടിയോട് ഏറ്റുമുട്ടിയ ബിജെപി രണ്ടക്കം കടക്കാന്‍ പറ്റാതെ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. ആകെ 3 സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. മഹത്തായ ചരിത്രം പേറുന്ന കോണ്‍ഗ്രസിന് 1000വോട്ട് പോലും പല മണ്ഡലങ്ങളിലും നേടാന്‍ കഴിഞ്ഞില്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

തെരെഞ്ഞെടുപ്പ് സമയത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കൂടുമാറിയ അവസര വാദികള്‍ക്കും കനത്ത തിരിച്ചടിയാണ് ഡല്‍ഹി നിവാസികള്‍ നല്‍കിയത്. രാജ്യത്തെ പ്രതിപക്ഷം ഇനി കെജ്‌രിവാളിന്റെ കീഴില്‍ അണിനിരക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ഉരുതിരിഞ്ഞിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ആറ് മാസത്തിനകം നടക്കാനിരിക്കുന്ന ബീഹാര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പുതിയ സാഹചര്യത്തില്‍ ബിജെപിക്ക് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ പ്രതിപക്ഷത്തിനാകെ പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം.

Top