ലോകരാജ്യങ്ങള്‍ ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നു: നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും അടക്കമുള്ളവയെല്ലാം ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് വിവിധ ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കിടെയാണ് വ്യക്തമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നു. വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ആനുകൂല്യങ്ങള്‍ പരമാവധിപേര്‍ക്ക് ലഭിക്കുംവിധം പി ഐ ഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ലയിപ്പിച്ചതും പ്രശ്‌നങ്ങള്‍ മനസിലാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ ലോകത്തെ ഏതുരാജ്യത്തുനിന്നും പ്രശംസ നേടുന്നു. പണമുള്ളതുകൊണ്ടല്ല, ഇന്ത്യന്‍ മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതുകൊണ്ടാണ് പ്രശംസ ലഭിക്കുന്നത്. ഇന്ത്യ വളരെവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നിരവധി അവസരങ്ങള്‍ രാജ്യത്ത് പ്രവാസികളെ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗംഗാ ശുചീകരണത്തിന് പ്രവാസികളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന സമ്മേളനത്തില്‍ 58 രാജ്യങ്ങളില്‍നിന്നുള്ള 4000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിസഭാംഗങ്ങള്‍ മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

Top