ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ളത് ഇന്ത്യയിലെന്ന് യു എന്‍ റിപ്പോര്‍ട്ട്‌

ന്യൂയോര്‍ക്ക്: ജനസംഖ്യയില്‍ ‘ഒന്നാമതെത്താന്‍’ കുതിക്കുന്ന ഇന്ത്യയെ മറ്റൊരു ഒന്നാം സ്ഥാനം തേടിയെത്തിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ളത് ഇന്ത്യയിലാണെന്നാണ് ഏറ്റവും പുതിയ യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 10 വയസിനും 24നും ഇടയിലുള്ള 356 മില്യണ്‍ പേര്‍ ഇന്ത്യയിലുണ്ടെന്ന് പഠനം പറയുന്നു.

269 മില്യണ്‍ യുവാക്കളുമായി ചൈനയാണ് യുവാക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഇന്തോനേഷ്യ (67 മില്യണ്‍), അമേരിക്ക(65 മില്യണ്‍), പാക്കിസ്ഥാന്‍ (59 മില്യണ്‍), നൈജീരിയ (57 മില്യണ്‍), ബ്രസീല്‍ (51 മില്യണ്‍), ബംഗ്ലാദേശ് (48 മില്യണ്‍) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളവര്‍.

‘ദ പവര്‍ ഓഫ് 1.8 ബില്യണ്‍’ എന്ന ടൈറ്റിലില്‍ വന്ന റിപ്പോര്‍ട്ടില്‍, ഇന്ത്യയിലെ 28 ശതമാനം ആള്‍ക്കാരും 10 വയസിനും 24നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പറയുന്നു. ദരിദ്ര രാജ്യങ്ങളിലാണ് യുവജനസംഖ്യ വര്‍ദ്ധിച്ചു വരുന്നത്. ലോകത്തെ യുവാക്കളുടെ എണ്ണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top