ലോകകപ്പ് യോഗ്യതാ മല്‍സരം: ഇറാന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചു

ബംഗളൂരു: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറാന്‍ ഇന്ത്യയെ തോല്‍പ്പിച്ചു. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാനു വേണ്ടി സര്‍ദാര്‍ അസ്‌മോന്‍ (29), അന്ദ്രാനിക് തെയ്മുറിയന്‍ (47), മെഹ്ദി തരേമി (49) എന്നിവരാണ് ഗോള്‍വല ചലിപ്പിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

ഏഷ്യന്‍ യോഗ്യത ഗ്രൂപ്പ് ഡിയില്‍ ഏഴു പോയിന്റുമായി ഇറാന്‍ ഒന്നാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതയില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

ഗോളി ഗുര്‍പ്രീതിന്റെ സേവുകളും ഇന്ത്യന്‍ പ്രതിരോധനിരയുടെ മികച്ച പ്രകടനവുമാണ് ഇറാന്റെ ജയം മൂന്നു ഗോളിലൊതുക്കിയത്. കളിയുടെ 65 ശതമാനവും ഇറാനാണ് പന്ത് കൈവശംവച്ചത്. അതേസമയം, ഇന്ത്യന്‍ മുന്നേറ്റശ്രമങ്ങള്‍ ഇറേനിയന്‍ പ്രതിരോധത്തില്‍ തട്ടി തകരുന്ന കാഴ്ചയാണു കണ്ടത്. ഒന്നാം പകുതിയില്‍ കണ്ട ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു രണ്ടാം പകുതിയില്‍. ആദ്യഗോളില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അവസാനംവരെ ഇന്ത്യയ്ക്കു കഴിഞ്ഞില്ല. തിരിച്ചടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ഇന്ത്യന്‍ മുന്‍നിരതാരങ്ങള്‍ തുലച്ചു.

രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. ഗോള്‍കീപ്പര്‍ സുബ്രത പോള്‍, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്നിവരെ ബഞ്ചിലിരുത്തി അര്‍ണാബ് മൊണ്ഡല്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവര്‍ക്ക് അവസരം നല്കി. മലയാളിതാരങ്ങള്‍ക്ക് ആര്‍ക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. പ്രതിരോധതാരം റിനോ ആന്റോ, സ്‌ട്രൈക്കര്‍ സി.കെ. വിനീത് എന്നിവര്‍ സബ്‌സ്റ്റിറ്റിയൂട്ട് ബഞ്ചിലായിരുന്നു.

Top