ലോകകപ്പ് യോഗ്യതാ മല്‍സരം: ഓമാനോട് ഇന്ത്യ പൊരുതി തോറ്റു

ബംഗളുരു: 2018 ഫിഫ ലോകകപ്പിനുള്ള ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ പൊരുതി തോറ്റു. ബംഗളുരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡി മല്‍സരത്തില്‍ മല്‍സരത്തില്‍ ഇന്ത്യ 1-2ന് ഒമാനോട് തോറ്റു. ഒമാനുവേണ്ടി ഖാസിം സെയ്ദ്, അമദ് അല്‍ ഹൊസ്‌നി(പെനാല്‍റ്റി) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസഗോള്‍.

കളി തുടങ്ങി ആദ്യ മിനിട്ടില്‍ത്തന്നെ ഖാസിം സെയ്ദ്, ഗോള്‍ നേടിയതോടെ കണ്ഠീരവ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ സ്തംബ്ധരായിപ്പോയി. എന്നാല്‍ ഇരുപത്തിയാറാം മിനിട്ടില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ സുനില്‍ ഛേത്രി ലക്ഷ്യം കണ്ടപ്പോള്‍, ഒമാന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരവും ക്യാപ്റ്റനുമായ ഗോളി അലി അല്‍ ഹസ്ബി നിസഹായനായിരുന്നു. മലയാളി താരം ആന്റോയുടെ ത്രോഇന്‍ ആണ് ഛേത്രിയുടെ ഗോളില്‍ കലാശിച്ചത്.

എന്നാല്‍ മുപ്പത്തിയെട്ടാം മിനിട്ടില്‍ ഒമാന്‍ വീണ്ടും ലക്ഷ്യം കണ്ടു. പന്തുമായി ബോക്‌സിലേക്കു കുതിച്ചത്തിയെ ഒമാന്‍ മദ്ധ്യനിരതാരം ഈദ് മോഹമ്മദിനെ അരങ്ങേറ്റക്കാരനായ ധനചന്ദ്രസിങ് വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അമദ് അല്‍ ഹൊസ്‌നിക്കു പിഴച്ചില്‍ ഒമാന്‍ ലീഡ് നേടി. ഈ ലീഡ് മല്‍സരാവസാനം വരെ നിലനിര്‍ത്തുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

മറുവശത്ത് ഗോള്‍ മടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്താതെപോയി. എന്നാല്‍ കരുത്തരായ ഒമാന്‍ കൂടുതല്‍ ഗോള്‍ നേടാതിരുന്നതില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്റെ കുട്ടികള്‍ക്ക് അഭിമാനിക്കാം.

Top