ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

ഗുവാം: ലോകകപ്പ് ഫുട്‌ബോള്‍ രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ദക്ഷിണ പസഫിക്കിലെ ചെറുരാജ്യമായ ഗുവാമിനോടാണ് ഇന്ത്യ തോറ്റത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ ഗുവാം തോല്‍പിച്ചത്. ഇതോടെ യോഗ്യതാ റൗണ്ടില്‍ മൂന്നാം റൗണ്ടിലെത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിട്ടു.

ഗുവാമിനായി 35ാം മിനിറ്റില്‍ മക്‌ഡോണാള്‍ഡും 64ാം മിനറ്റില്‍ നിക്ക്‌ലയും ഗോളുകള്‍ നേടി. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍മാത്രം ഉളളപ്പോഴാണ് ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചത്. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍.

ലോക റാങ്കിംഗില്‍ 141ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയ്ക്ക് 174ാം സ്ഥാനത്ത് നില്‍ക്കുന്ന ഗുവാമിനോടെറ്റ തോല്‍വി കനത്ത നാണക്കേടാണ് നല്‍കുന്നത്. നേരത്തെ തുര്‍ക്‌മെനിസ്താനെതിരെയും ഗുവാം ഒരു ഗോളിന് വിജയിച്ചിരുന്നു

കഴിഞ്ഞ ആഴ്ച്ച ഒമാനോടും ഇന്ത്യ തോറ്റിരുന്നു. ബംഗലൂരുവില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ഇന്ത്യ അന്ന് തോറ്റത്. ഒമാനും ഗുവാമും കൂടാതെ തുര്‍ക്കുമെനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുളളത്.

Top