ലോകകപ്പ്: ഡിവില്ലേയേഴ്‌സിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്ക് 257 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

സിഡ്‌നി: ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 257 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. എ.ബി ഡിവില്ലേയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗും ഇമ്രാന്‍ താഹിറിന്റെ വിക്കറ്റ് പ്രകടനവുമാണ്‌ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. 66 പന്തില്‍ പുറത്താകാതെ 162 റണ്‍സ് നേടിയ ഡിവില്ലേയേഴ്‌സാണ് കളിയിലെ കേമന്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടിയ സ്‌റ്റെയ്‌നും മോര്‍ക്കലും ചേര്‍ന്നാണ് വിന്‍ഡീസ് ഇന്നിംഗ്‌സിന് തിരശ്ശീല വീഴ്ത്തിയത്.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വിജയമാണ് ദക്ഷിണാഫ്രിക്കയുടേത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയം എന്ന ഇന്ത്യയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 408 റണ്‍സിന്റെ കൂറ്റുന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 151 റണ്‍സിന് എല്ലാവരും പറത്തായി. 17 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് കരീബിയന്‍ താരങ്ങളെല്ലാം കൂടാരം കയറിയത്. 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത്. കഴിഞ്ഞ കളിയില്‍ ഡബിള്‍ സെഞ്ച്വറി നേടി കരുത്ത് തെളിയിച്ച ഗെയ്ല്‍ 3 റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ഡെയ്ന്‍ സ്മിത്ത് (31), ദിനേശ് രാംദിന്‍ (22), ലണ്ഡല്‍ സിമ്മണ്‍സ് (0), ഡാരന്‍ സമി (5), ആന്ദ്രേ റസല്‍ (0) എന്നിവരാണു ഇമ്രാന്‍ താഹിറിനു മുന്നില്‍ മുട്ടുമടക്കിയത്. കെയ്ല്‍ ആബോട്ടും മോണി മോര്‍ക്കലും രണ്ടു വീതം വിക്കറ്റുകള്‍ നേടി.

നായകന്‍ ഡിവില്ല്യേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ 66 പന്തുകളില്‍ നിന്ന് 162 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏകദിന ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സെന്ന റെക്കോര്‍ഡും ഡിവില്ലേയേഴ്‌സ് സ്വന്തം പേരില്‍ കുറിച്ചു. 17 ബൗണ്ടറികളും 8 സിക്‌സറുകളും അടങ്ങുന്നതാണ് ഡിവില്ലേയേഴ്‌സിന്റെ ഇന്നിംഗ്‌സ്. ഹാഷിം അംല(65), ഡുപ്ലെസിസ്(62), റൂസോ(61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് കരുത്തായി.

Top