ലോകകപ്പ്:ഇംഗ്ലണ്ടിനെതിരെ ലങ്കയ്ക്ക് മികച്ച വിജയം

വെല്ലിംഗ്ടണ്‍: ശ്രീലങ്ക ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചു. കുമാര്‍ സംഗക്കാര (117), ലഹിരു തിരിമാനെ (139) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ടിനെ പറപ്പിക്കുകയായിരുന്നു ലങ്ക.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 310 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 47.2 ഓവറില്‍ ഒരു വിക്കറ്റിന് മറികടന്നു. 86 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും ഉള്‍പ്പട്ടതായിരുന്നു സംഗക്കാരയുടെ ഇന്നിംഗ്‌സ്. 143 പന്ത് നേരിട്ട തിരിമാനെ 13 ഫോറും രണ്ടു സിക്‌സും നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 212 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 44 റണ്‍സ് നേടിയ ദില്‍ഷന്റെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.

നേരത്തെ ജോ റൂട്ടിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് 50 ഓവറില്‍ 309 റണ്‍സ് നേടിയത്. 108 പന്തില്‍ 14 ഫോറും രണ്ടു സിക്‌സും അടക്കം റൂട്ട് 121 റണ്‍സ് നേടി. ഇയാന്‍ ബെല്‍ 49 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയത്. ബട്‌ലര്‍ 19 പന്തില്‍ 39 റണ്‍സ് നേടി.

23-ാം സെഞ്ചുറിയിലൂടെ ടീമിനെ വിജയതീരത്തെത്തിച്ച സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ മൂന്നാം തോല്‍വിയാണിത്. സ്‌കോട്‌ലന്‍ഡിനെതിരേ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അടുത്ത രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച് ലങ്ക ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു.

Top