ലോകം വാഴ്ത്തുമ്പോള്‍ സ്വന്തം നാട്ടില്‍ മലാല വെറുക്കപ്പെടുന്നു!

ഇസ്ലാമാബാദ്: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനര്‍ഹയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ ലോകം മുഴുവന്‍ പുകഴ്ത്തുമ്പോള്‍, പാക്കിസ്ഥാനിലെ തന്നെ ഒരു കൂട്ടര്‍ മലാലയെ വെറുക്കുന്നു! വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചതിന്റെ പേരിലാണ്  മലാലയെ ഒരുകൂട്ടര്‍ എതിര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ചില സ്‌കൂളുകളില്‍ ‘ഐ ആം നോട്ട് മലാല’ ദിവസം ആചരിച്ചു.

2012 ഒക്ടോബറിലാണ് 17 കാരിയായ മലാല യൂസഫ്‌സായിക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനായിരുന്നു മലാല ഭീകരരുടെ ആക്രമണത്തിനിരയായത്. ലോകം മുഴുവന്‍ മലാലയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുമ്പോഴാണ് സ്വന്തം രാജ്യത്ത് നിന്ന് മലാലയക്ക് ഏതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. മലാലയെ വെസ്റ്റേണ്‍ ഏജന്റായാണ് ചിലര്‍ കാണുന്നത്. രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും ചിലര്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ പ്രൈവറ്റ് സ്‌കൂളുകളില്‍ മലാലയുടെ ‘ ഐ ആം മലാല’ എന്ന പുസ്തകം വാങ്ങുന്നത് വിലക്കിയിരുന്നു.  പുസ്തകം പാക്കിസ്ഥാന്‍ വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു കുട്ടികളെ പുസ്തകം വാങ്ങുന്നതില്‍ നിന്ന് വിലക്കിയിരുന്നത്. പുസ്തകം എഴുതുന്നതില്‍ പങ്കാളിയായ ബ്രിട്ടീഷ് ജേണലിസ്റ്റ് ക്രിസ്റ്റീന ലാമ്പും സല്‍മാന്‍ റുഷ്ദിയും സൗഹൃദത്തിലാണ് എന്ന കാര്യവും പുസ്തകം നിരസിക്കാന്‍ കാരണമായി. 1989 ല്‍ ‘ ദ സാത്താനിക് വെര്‍സസ്’ എന്ന പുസ്തകത്തില്‍ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും കുറ്റപ്പെടുത്തിയതിന് നാടുകടത്തപ്പെട്ട എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി.

മലാലയ്ക്ക് സല്‍മാന്‍ റുഷ്ദിയുമായി നല്ല അടുപ്പമുണ്ടെന്നും റുഷ്ദിയുടെ ഐഡിയോളജിക്ക്ല്‍ ക്ലബുമായും നല്ല ബന്ധമുണ്ടെന്നും മലാലയെ എതിര്‍ക്കുന്നവരുടെ ഗ്രൂപ്പിന്റെ നേതാവായ മിര്‍സ കാഷിഫ് അലി പറഞ്ഞു.

മലാലയുടെ പുസ്തകത്തില്‍ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയിലെ ഭീകരരുടെ ക്രൂരകൃത്യങ്ങളും, പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹവും മലാല വ്യക്തമാക്കുന്നുണ്ട്. വെടിയേറ്റതിന് ശേഷം ബ്രിട്ടനില്‍ ചികിത്സയിലായിരുന്ന മലാലയ്ക്ക് ഇന്ത്യയിലെ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പമാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

Top