ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നിലപാടിനെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലൈറ്റ് മെട്രോ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തില്‍ ശ്രീധരനുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചു. അദ്ദേഹത്തിന്റെ പങ്ക് അഭിമാനകരമാണ്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ച് കേന്ദ്രത്തിന് അപേക്ഷ നല്‍കും. ലൈറ്റ് മെട്രോയ്ക്ക് കേന്ദ്ര സഹായം തേടി കൂടുതല്‍ വ്യക്തതയുള്ള കത്തയയ്ക്കും.

നൂറ് ദിവസത്തിനകം കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശിലാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മിക്കുന്നത്. ഇതു വരെയുള്ള നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top