ലൈറ്റ് മെട്രോ പദ്ധതി: ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്റാക്കി കേന്ദ്രത്തിന് പുതിയ കത്തയച്ചു

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിയെ പ്രാരംഭ ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്റാക്കി കേരളം കേന്ദ്രത്തിന് പുതിയ കത്തു നല്കി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പൊതുമരാമത്ത് സെക്രട്ടറി കേന്ദ്രത്തിനു നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്കായി 20 ശതമാനം തുക വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കണമെന്നും 60 ശതമാനം തുക വായ്പയായി കണ്ടെത്തുമെന്നും കത്തില്‍ പറയുന്നു. ഡിഎംആര്‍സി സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്കായി കേരളം ആദ്യം നല്കിയ കത്ത് അവ്യക്തമായിരുന്നു. ഇതു വാര്‍ത്തയായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടു പുതിയ കത്തയക്കാന്‍ നിര്‍ദ്ദേശിച്ചത്.

അതേ സയമം കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ തകേഷി യാഗി അറിയിച്ചു. ഇ ശ്രീധരന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണെങ്കില്‍ വായ്പ നല്‍കുന്നതിന് ജപ്പാന് എതിര്‍പ്പില്ല. ശ്രീധരന്റെ പ്രവര്‍ത്തനങ്ങളില്‍ ജപ്പാന് പൂര്‍ണവിശ്വാസമുണ്ടെന്നും അംബാസഡര്‍ തകേഷി യാഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Top