ലെനോവ- മോട്ടോറോള ലയനം; ലെമണ്‍ എക്‌സ് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ലെനോവോയുടെ ആദ്യ മോട്ടറോള ഫോണ്‍ വരുന്നതായി റിപ്പോര്‍ട്ട്. മോട്ടറോള മൊബിലിറ്റിയെ ചൈനീസ് പിസി നിര്‍മാതാക്കളായ ലെനോവ കഴിഞ്ഞ വര്‍ഷമാണ് ഗൂഗിളിന്റെ പക്കല്‍നിന്ന് സ്വന്തമാക്കിയത്. ഇതുവരെയും ലനൊവയുടെ ഫോണുകളൊന്നും മോട്ടറോള നിര്‍മ്മിച്ചിരുന്നില്ല.

‘ലെനോവോ ലെമണ്‍ എക്‌സ്’ ( Lenovo Lemon X ) എന്നാണത്രേ പുതിയ ഫോണിന്റെ പേര്. ലെനോവോയുടെ മൊബൈല്‍ വിഭാഗവും, മോട്ടറോളയും തമ്മില്‍ ലയിക്കാന്‍ പോകുന്നതിന്റെ സൂചനയായി പുതിയ വാര്‍ത്ത വിലയിരുത്തപ്പെടുന്നു.

2011 ലാണ് 1250 കോടി ഡോളര്‍ (ഏതാണ്ട് 80,000 കോടി രൂപ) നല്‍കി മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ സ്വന്തമാക്കിയത്. മോട്ടറോള മൊബിലിറ്റിയുടെ ഗവേഷണവിഭാഗം നിലനിര്‍ത്തിയിട്ട്, ഹാന്‍സെറ്റ് നിര്‍മാണ വിഭാഗത്തെ കഴിഞ്ഞ വര്‍ഷം ലെനോവോയ്ക്ക് ഗൂഗിള്‍ കൈമാറുകയായിരുന്നു. വെറും 291 കോടി ഡോളറിന് (19,000 കോടി രൂപ) ആയിരുന്നു ആ കൈമാറ്റം.

മോട്ടറോളയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ പേറ്റന്റുകള്‍ സ്വന്തമാക്കി, ആന്‍ഡ്രോയ്ഡിനെ സുരക്ഷതമാക്കുകയായിരുന്നു ഈ ഏര്‍പ്പാടില്‍ ഗൂഗിളിന്റെ ഉദ്ദേശമെന്ന് നിരീക്ഷകര്‍ പറയുന്നു.

മോട്ടറോള മൊബിലിറ്റിയെ സ്വന്തമാക്കിയിട്ടും സ്വന്തം ഫോണ്‍ വിഭാഗവുമായി അതിനെ ലെനോവോ ലയിപ്പിച്ചിരുന്നില്ല. അതിനാല്‍ ലെനോവോയുടെയും മോട്ടറോളയുടെയും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ പരസ്പരം മത്സരിച്ചു. ആ സ്ഥിതിക്ക് മാറ്റം വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ലെമണ്‍ എക്‌സ് എന്ന ഫോണിന്റെ കാര്യം ലെനോവോയോ, മോട്ടറോളയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ലെമണ്‍ എക്‌സിന്റെ ചിത്രം ഇതിനകം ചില കേന്ദ്രങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്. വാര്‍ത്ത ശരിയാണെങ്കില്‍ ലെനോവോയ്ക്ക് വേണ്ടി മോട്ടറോള ആദ്യമായി രൂപകല്പന ചെയ്ത സ്മാര്‍ട്‌ഫോണ്‍ ആയി മാറും ലെമണ്‍ എക്‌സ്.

മോട്ടറോള ഫോണുകളോട് സാമ്യം പുലര്‍ത്തുന്നതാണ് ഇപ്പോഴിറങ്ങിയിട്ടുള്ള ലെമണ്‍ എക്‌സിന്റെ ചിത്രം. പുറകുവശത്ത് ആന്റിന ബാന്‍ഡിനായി നിശ്ചയിക്കപ്പെട്ട സ്ഥലവും മെറ്റല്‍ ചട്ടക്കൂടുമെല്ലാം മോട്ടോ എക്‌സ്, നെക്‌സസ് 6 എന്നീ ഫോണുകളെ ഓര്‍മിപ്പിക്കുന്നു. പിന്‍വശത്ത് ഫിംഗര്‍പ്രിന്റര്‍ സ്‌കാനറും സജ്ജമാക്കിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റര്‍ സ്‌കാനര്‍ സംവിധാനത്തോടു കൂടിയിറങ്ങുന്ന ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ മഷ്മാലോ (ആന്‍ഡ്രോയ്ഡ് 6.0) പതിപ്പിലാകും ഫോണ്‍ പ്രവര്‍ത്തിക്കുകയെന്ന് ഊഹിക്കാം.

Top