ലെനിന്‍ പ്രതിമകള്‍ക്ക് കഷ്ടകാല സമയം ; യുക്രെയ്‌നില്‍ നിരവധി പ്രതിമകള്‍ തകര്‍ത്തു

കീവ്: മുന്‍ സോവ്യറ്റ് നേതാവ് ലെനിന്റെ നിരവധി പ്രതിമകള്‍ യുക്രെയ്‌നില്‍ തകര്‍ത്തു. കമ്യൂണിസ്റ്റ്, നാസി ചിഹ്നങ്ങള്‍ നിയമവിരുദ്ധമാക്കിക്കൊണ്ട് ഈയിടെ കീവിലെ പാര്‍ലമെന്റ് ബില്‍ പാസാക്കിയിരുന്നു. പ്രസിഡന്റ് പൊരോഷെങ്കോ ഇതുവരെ ബില്ലില്‍ ഒപ്പുവച്ചില്ലെങ്കിലും പലേടത്തും ജനങ്ങള്‍ ലെനിന്‍ പ്രതിമകള്‍ തകര്‍ത്തു തുടങ്ങി.

കിഴക്കന്‍ യുക്രെയ്‌നിലെ കാര്‍ക്കിവില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ രണ്ടു യൂണിവേഴ്‌സിറ്റികളില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍ പ്രതിമകള്‍ മുഖംമൂടി ധാരികള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചു.

ഒരു പ്രതിമയുടെ കഴുത്തില്‍ കയറിട്ടശേഷം വലിച്ചു താഴെയിടുന്ന വീഡിയോ യൂട്യൂബില്‍ കൊടുത്തിട്ടുണ്ട്.ലുഹാന്‍സ്‌ക് മേഖലയിലെ ഒരു ഗ്രാമത്തില്‍ നാട്ടുകാര്‍ ലെനിന്‍ പ്രതിമയില്‍ മഞ്ഞ, നീല നിറങ്ങള്‍ അടിച്ചു.

പിന്നീട് പ്രതിമ വലിച്ചുതാഴെയിട്ടു. ഡൊണെട്‌സ്‌ക് മേഖലയിലും ലെനിന്റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. വിഘടനവാദികള്‍ക്കു നിയന്ത്രണമുള്ള നോവോസോവ്‌സ്‌ക് പട്ടണത്തില്‍ ലെനിന്റെ പ്രതിമ റഷ്യന്‍ അനുകൂലികള്‍ പുനഃസ്ഥാപിച്ചതായും വാര്‍ത്തയുണ്ട്.

Top