മുസ്ലീം ലീഗില്‍ വിഭാഗീതയുടെ കൊടിപാറുന്നു; രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടി

മലപ്പുറം: പാണക്കാട്ട് തങ്ങളുടെ പ്രഖ്യാപനം ശിരസാവഹിക്കുന്ന വിഭാഗീയതയില്ലാത്ത പാര്‍ട്ടിയെന്ന പ്രതിഛായയും മുസ്ലീം ലീഗിനെ കൈവിടുന്നു. അഞ്ച് വര്‍ഷത്തിനു ശേഷം ആറ്റു നോറ്റു കിട്ടിയ രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ കുഴങ്ങുകയാണ് നേതൃത്വം.

കേരളത്തില്‍നിന്ന് ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 20 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ആഴ്ചകള്‍ക്കുമുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍, സംഘടനാ ബലത്തില്‍ അഭിമാനം കൊള്ളുന്ന മുസ്ലിംലീഗില്‍ ഇതുവരെയും സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ. മജീദ്, സംസ്ഥാന സെക്രട്ടറി പി.വി അബ്ദുള്‍ വഹാബ് എന്നിവരില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് ലീഗ് നേതൃത്വത്തെ കുഴക്കുന്നത്.

മജീദിനുവേണ്ടി പാര്‍ട്ടി നിയമസഭാ കക്ഷി ലീഡറും അഖിലേന്ത്യാ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടിയും വഹാബിനുവേണ്ടി അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദുമാണ് ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പാര്‍ട്ടിയുടെ ശക്തിസ്രോതസ്സായ ഇ.കെ സമസ്ത വിഭാഗത്തിന്റെ പിന്‍തുണ വഹാബിനാണ്.

കുറച്ചു ദിവസങ്ങളായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ വീട്ടില്‍ രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് നിരന്തരം കൂടിയാലോചനകളും ചര്‍ച്ചകളും നടന്നുവരുകയാണ്. ഇരു വിഭാഗവും കടുത്ത വാശിയിലായതിനാല്‍ സമവായത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ല.

ലീഗിന്റെ പോഷക സംഘടനാ നേതാക്കള്‍, നിയമസഭാ കക്ഷി ഭാരവാഹികള്‍, ഉന്നതാധികാര സമിതി അംഗങ്ങള്‍, വിവിധ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരൊക്കെയും തങ്ങളുടെ അഭിപ്രായം ഹൈദരലി തങ്ങളെ അറിയിച്ചുവരുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കെഎംസിസി നേതാക്കള്‍ നേരിട്ടും ടെലിഫോണ്‍ വഴിയും പാര്‍ട്ടി അധ്യക്ഷനുമായി ബന്ധപ്പെടുന്നുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും എംഎസ്എഫ് സംസ്ഥാന ഭാരവാഹികളും കഴിഞ്ഞ ദിവസം പാണക്കാട്ട് എത്തി തങ്ങളുടെ അഭിപ്രായം അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട്ട് ലീഗ് ഹൗസില്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്‍പായി രാജ്യസഭാ സ്ഥാനാര്‍ഥി കാര്യത്തില്‍ ധാരണയിലെത്താനും യോഗത്തില്‍ പ്രഖ്യാപനം നടത്താനുമാണ് ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെ കടുംപിടിത്തം കാരണം കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. ഇരു വിഭാഗവും തങ്ങളുടെ വാദത്തിലുറച്ചുനില്‍ക്കുന്നതു കാരണം ലീഗ് അഞ്ചംഗ ഉന്നതാധികാര സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു.

യുക്തമായ സമയത്ത് ശക്തമായ തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ ഏല്‍പ്പിച്ചു പിരിയുന്ന പതിവു രീതിയും തങ്ങളുടെ പ്രഖ്യാപനത്തെ എതിരഭിപ്രായമില്ലാതെ ശിരസാവിഹിക്കുകയും ചെയ്യുന്ന പാരമ്പര്യവും രാജ്യസഭാ തെരഞ്ഞെടുപ്പോടെ കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.

Top